'സുമതി വളവ്' സിനിമയുടെ നിർമ്മാതാവ് മുരളി കുന്നുംപുറത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിൽ വേണു കുന്നപ്പിള്ളി. സീരിയൽ നിലവാരത്തിലുള്ള സുമതി വളവുമായി മുന്നോട്ട് പോകരുതെന്ന് താൻ മുരളിയെ ഉപദേശിച്ചിരുന്നു. സിനിമയുടെ മൊത്തം ചെലവ് 20 കോടിയാണെന്നും വേണു.
ബിസിനസുകാരനും നിർമാതാവുമായ മുരളി കുന്നുംപുറവും സുമതി വളവ് സിനിമയും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണവുമായി വേണു കുന്നപ്പിള്ളി. സുമതി വളവിന്റെ കഥ ഏതാനും വർഷങ്ങൾക്ക് മുൻപ് താൻ കേട്ടതാണെന്നും സീരിയൽ നിലവാരത്തിലുള്ള കഥയുമായി മുന്നോട്ട് പോകരുതെന്നും മുരളിയോട് പറഞ്ഞതായി ഓർക്കുന്നുവെന്നും വേണു പറയുന്നു. അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന കഥ, സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണെന്നും റിലീസിന് മുൻപ് സിനിമ കണ്ടപ്പോൾ തലയിൽ കൈവച്ച് പോയെന്നും വേണു പറഞ്ഞു. പ്രൊഡക്ഷന്റെ എക്സ്പെൻസും റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ ഏകദേശം 20 കോടി രൂപ സുമതി വളവിന് ചെലവായതായാണ് തന്റെ ഓർമയെന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ ഇങ്ങനെ
സിനിമയിലെ ചതിക്കുഴികൾ
സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസറിൻറെ ,സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ഈ സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ ഞാൻ കേട്ടതാണ്. സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഇതിൻറെ പ്രൊഡ്യൂസർ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ , സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും, കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതും, ഇപ്പോഴുമോർക്കുന്നു. എന്നാൽ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി.
അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്. റിലീസിന് മുമ്പ്, ഈ സിനിമ കാണാനുള്ള അവസരമെനിക്കുണ്ടായി , സിനിമ കണ്ടപ്പോൾ ഞാൻ തലയിൽ കൈവച്ചുപോയി. അദ്ദേഹത്തോട് ഞാനന്നു പറഞ്ഞത്, ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ്.
പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി , സിനിമ തിയേറ്ററിലേക്കെത്തി. എൻറെ അറിവിൽ , പ്രൊഡക്ഷന്റെ എക്സ്പെൻസും, റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ , ഏകദേശം 20 കോടി ചിലവായിരുന്നു. ഇദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണെന്നാണ് എൻറെ അറിവ്. പിന്നെ ഇതിൽ പറയുന്ന എഴുത്തുകാരന്റെയും, സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമൻറ് ചെയ്യുന്നില്ല.
ആരുടേയോ കയ്യിലിരിക്കുന്ന ഒരു വലിയ സമ്പത്ത്, അവനെ പറഞ്ഞു വശത്താക്കി, സിനിമയോ മറ്റെന്ത് ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ , കുറച്ചെങ്കിലും ചിന്തിക്കുക, എനിക്ക് ഇതിനുള്ള കഴിവുണ്ടോ ?ഞാനിതിന് പ്രാപ്തനാണോ എന്ന് !! ഇതൊരിക്കലും ഒറ്റപ്പെട്ട ഒരു സംഭവമല്ല , നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത് ,
ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്. പലരും മാനനഷ്ടമോർത്ത് പുറത്തു പറയുന്നില്ലെന്ന് മാത്രം. ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. വല്ലവരുടേയും പണം കൊണ്ട് ,ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി.
സിനിമ തുടങ്ങുന്നതിനു മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ , ഇരട്ടിയോ അതിനു മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവർത്തകരേയും ,ബഡ്ജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസർമാരെ ചേർത്തുകൊണ്ടിരിക്കുന്നവന്മാരേയും, സംവിധാനം പോയിട്ട് ,ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരേയും ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. സിനിമാ അസോസിയേഷനുകളുടെ, തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ?



