വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം. ഷെയിൻ നിഗത്തെ പുതിയ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനമെടുത്തു. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.

വെയില്‍ സിനിമയുമായി തയ്യാറാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കരാര്‍ ലംഘിച്ചെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചുവെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം സിനിമയുടെ സംവിധായകൻ ശരത് മേനോനെതിരെ ഷെയ്ൻ നിഗം രംഗത്ത് എത്തിയിരുന്നു. ശരത് മേനോനെ സൂക്ഷിക്കണം എന്നായിരുന്നു ഷെയ്ൻ നിഗം പറഞ്ഞത്.

നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തി മുമ്പ് ഷെയ്ൻ നിഗം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഷെയ്ൻ മുടിമുറിച്ചതിനെ തുടര്‍ന്ന് വെയില്‍ എന്ന സിനിമയുടെ കണ്ടിന്യൂറ്റി നഷ്‍ടപ്പെട്ടുവെന്നായിരുന്നു ജോബി ജോര്‍ജ് പറഞ്ഞത്. തുടര്‍ന്ന് സംഭവം വിവാദമായിരുന്നു.

അതോടെ താരസംഘടനായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയുമായ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനും ഇരുവരെയും ചര്‍ച്ചയ്‍ക്ക് വിളിക്കുകയും സംഭവം ഒത്തുതീര്‍പ്പാക്കുകയും ചെയ്‍തു.

തുടര്‍ന്നാണ് ഷെയ്ൻ നിഗം വീണ്ടും വെയില്‍ സിനിമയില്‍ അഭിനയിക്കാൻ എത്തിയത്. എന്നാല്‍ ഷെയ്ൻ നിഗവും സംവിധായകൻ ശരത് മേനോനും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ് ഇപ്പോള്‍. ശരത് മേനോൻ ചെറിയ കാര്യങ്ങള്‍ക്ക് വരെ വെറുതെ പ്രശ്‍നങ്ങളുണ്ടാക്കുകയാണെന്നും പറഞ്ഞതിലധികം ദിവസം ചിത്രീകരണത്തിന് ആവശ്യമാണെന്ന് പറയുകയാണെന്നും ഷെയ്ൻ നിഗം ആരോപിക്കുന്നു.  എന്നാല്‍ ഷെയ്ൻ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്നാണ് ശരത് മേനോൻ പറയുന്നത്.