അസം സംസ്‍കാരത്തെ തന്നെ അപമാനിക്കുന്നതാണ് യാമി ഗൗതമിന്റെ പ്രവര്‍ത്തിയെന്നാണ് വിമര്‍ശനം.
ആരാധകനെ അപമാനിച്ചെന്ന ആരോപണവുമായി നടി യാമി ഗൗതമിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്ത്. പരമ്പരാഗതമായി ധരിക്കുന്ന ഗമോസ അസമില്‍ നിന്നുള്ള ആരാധകൻ യാമി ഗൗതമിന്റെ കഴുത്തിലിടാൻ ശ്രമിക്കുകയായിരുന്നു. ആരാധകനെതിരെ യാമി പ്രതികരിച്ചത് ആണ് വിവാദമായത്. അസം സംസ്‍കാരത്തെ തന്നെ അപമാനിക്കുന്നതാണ് യാമി ഗൗതമിന്റെ പ്രവര്‍ത്തിയെന്നാണ് ചിലര്‍ പറയുന്നത്. താരത്തോടുള്ള സ്നേഹവും ആദരവും അറിയിക്കുകയായിരുന്നു ആരാധകന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഗമോസ അണിയിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പറയുന്നു.
വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഗമോസ അണിയിക്കാൻ ശ്രമിച്ച ആരാധകനെ തടയുകയും മാറിനില്‍ക്കാൻ പറയുകയും ചെയ്‍തു, യാമി ഗൗതം. പരമ്പരാഗത വസ്‍ത്രം ഇടാൻ ശ്രമിച്ചത് തടഞ്ഞതാണ് വിവാദമായത്. സ്ത്രീയെന്ന നിലയില്‍ പരിചയമില്ലാത്തൊരാള്‍ അടുത്തേക്ക് വരുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ആരുടെയും വികാരത്തെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യാമി ഗൗതം പറഞ്ഞു.
