Asianet News MalayalamAsianet News Malayalam

ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ്, 'മിന്നൽ മുരളി'യുടെ ചിത്രീകരണത്തിനെതിരെ പ്രതിഷേധം

ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. എന്നാൽ ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രശ്നമായതോടെ പൊലീസെത്തി ഇടപെട്ട് ആദ്യം ഷൂട്ടിംഗ് നിർത്തിവയ്പിച്ചു... 

protest against shooting of minnal murali in thodupuzha
Author
Thodupuzha, First Published Jul 24, 2021, 1:40 PM IST

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പൊലീസെത്തി ഇടപെട്ട് ആദ്യം ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു. 

എന്നാൽ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, പൊലീസ് സംരക്ഷണയിൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. കളക്ടറുടെ അനുമതി പൊലീസിനെ സിനിമയുടെ അണിയറക്കാർ കാണിച്ചു. എന്നാൽ, നാട്ടുകാർ ഇത് അനുവദിക്കില്ലെന്ന നിലപാട് തുടരുന്നു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്. 

സൂപ്പർ ഹിറ്റായ 'ഗോദ'യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.

Follow Us:
Download App:
  • android
  • ios