മാനസികാരോഗ്യത്തെ പരിഹസിച്ച നടി കൃഷ്ണപ്രഭയ്ക്കെതിരെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോൺ രംഗത്ത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.

മാനസികാരോഗ്യത്തെ പരിഹസിച്ചുകൊണ്ട് പരാർമാർശം നടത്തിയ നടി കൃഷ്ണപ്രഭയ്ക്കെതിരെ വിമർശനവുമായി പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോൺ രംഗത്ത്. ദീപിക പദുകോൺ എന്ന നടിയെ മാനസികാരോഗ്യ അംബാസിഡറായി നിയോഗിച്ച വേളയിലാണ് നമ്മുടെ നാട്ടിലെ ഒരു നടി മാനസികാരോഗ്യത്തെ ഇങ്ങനെ പരിഹസിച്ചു തള്ളുന്നതെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കണമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഡോ. സി.ജെ ജോൺ പറയുന്നു.

"ദീപിക പദുകോൺ എന്ന നടിയെ മാനസികാരോഗ്യ അംബാസിഡറായി നിയോഗിച്ച വേളയിലാണ് നമ്മുടെ നാട്ടിലെ ഒരു നടി മനസ്സിന്റെ രോഗങ്ങളെ വെടക്ക് ചിരിയോടെ പരിഹസിച്ചു തള്ളുന്നത്. ദീപികയ്ക്ക് വിഷാദ രോഗം വന്നത് ഒരു പണിയും ഇല്ലാതായത് കൊണ്ടാണെന്ന തിയറി കൂടി ചേർത്ത് പുതിയൊരു വീഡിയോ ഇറക്കാവുന്നതാണ് . നടി വിവരക്കേട് ചൊല്ലിയാൽ ലൈക് ചെയ്യാനും പിന്തുണച്ചുള്ള കമന്റ് നൽകാനും സൈബർ കൂട്ടങ്ങൾ ഉണ്ടാകും. ചില നടിമാർക്ക് മനസ്സിന്റെ രോഗങ്ങളെ താഴ്ത്തി പറയുന്നതും, അതുള്ള വ്യക്തികളുടെ മനസ്സ് തളർത്തുന്നതും ഹരമായി മാറിയിട്ടുണ്ട്. സങ്കടം ഉണ്ടാക്കുന്നഒരു പരിഹാസ വിളി എടുത്ത് പറഞ്ഞു വിഷാദവും മൂഡ് പ്രശ്‌നവുമൊക്കെ അതാണെന്ന് പറയുന്നുണ്ട്." സി.ജെ ജോൺ പറയുന്നു.

"ഏതാണ്ട് ഒൻപതു ശതമാനത്തോളം പേർ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരാണ് നടിയുടെ പരിഹാസത്തിന്റെ ഇരകൾ. അവരെ സഹായിക്കേണ്ട മാഡം. ഉപദ്രവിക്കാതിരിക്കുക. എല്ലാ കാലത്തും എന്തെങ്കിലും പണിയുമായി വിഷാദമുക്തയായി ഭവിക്കുക മാഡം. പണി ഇല്ലാ കാലത്ത് പെട്ടെന്ന് പ്രശസ്തി കിട്ടണമെങ്കിൽ പാവം മനോരോഗികളെ പരിഹസിച്ചു തന്നെ വേണോ? അതിനായി വേറെ എന്തൊക്കെ ചെയ്യാം മാഡം." സി.ജെ ജോൺ കൂട്ടിച്ചേർത്തു.

'പഴയ വട്ട് തന്നെ'

പണിയൊന്നുമില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഡിപ്രഷൻ ഉണ്ടാവുന്നതെന്നാണ് കൃഷ്ണപ്രഭ പൊട്ടിചിരിച്ചുകൊണ്ട് ഒരു അഭിമുഖത്തിൽ പറയുന്നത്. ആളുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുമെങ്കിലും പഴയ വട്ട് തന്നെയാണ് അതെന്നും, ഇപ്പോൾ ഡിപ്രഷനെന്ന പേരിട്ടിരിക്കുകയാണെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു. വലിയ വിമർശനമാണ് കൃഷ്ണപ്രഭയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. നടിയും മോഡലുമായ സാനിയ അയ്യപ്പൻ, ഗായിക അഞ്ജു ജോസഫ് തുടങ്ങീ നിരവധി പേരാണ് കൃഷ്ണപ്രഭയ്ക്കെതിരെ രംഗത്തുവന്നത്. സംഭവത്തിൽ പറഞ്ഞ കാര്യം തിരുത്താനോ മാപ്പ് പറയാനോ തയ്യാറാവാത്ത കൃഷ്ണപ്രഭ തന്റെ പരാമർശത്തെ മാധ്യമങ്ങളിലൂടെ ന്യായീകരിക്കാൻ മാത്രമാണ് കഴിഞ്ഞ ദിവസം ശ്രമിച്ചത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News