സംവിധായകൻ മാരി സെൽവരാജിന്റെ സിനിമകളിലെ കഥാപാത്രങ്ങൾ ഒരേതരം ലുങ്കി ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇത് തിരുനെൽവേലിയിലെ ദളിത് വിഭാഗത്തിന്റെ വസ്ത്രധാരണരീതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അഭിപ്രായമുണ്ട്.
മാരി സെൽവരാജ് തന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് ഒരേ ലുങ്കിയാണോ എപ്പോഴും നൽകുന്നതെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. കർണൻ, വാഴൈ, ഇനി വരാനിരിക്കുന്ന ബൈസൺ എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ ഒരേ നിറത്തിലും ഡിസൈനിലുമുള്ള ലുങ്കി മുണ്ടുകളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത്.
ധനുഷ്, കലൈയരസൻ, ധ്രുവ് വിക്രം എന്നിവർ മുണ്ട് ഉടുത്തിരിക്കുന്ന ശൈലിയും ഒരുപോലെ തന്നെയാണ്. തിരുനെൽവേലി ഭാഗത്ത് ദലിത് വിഭാഗത്തിൽപെട്ട മനുഷ്യർക്ക് ഇത്തരത്തിൽ വസ്ത്രങ്ങളിൽ ചില സാമ്യതകൾ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദലിത് പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജാതീയതക്കെതിരായുള്ള സിനിമകൾ ചെയ്യുന്നത് കൊണ്ടുതന്നെ ഇത്തരം പ്രതിനിധാനത്തിലൂടെ മാരി സെൽവരാജ് പറയുന്നതും സമൂഹത്തിൽ ജാതി എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് എന്നതാണെന്ന് പ്രേക്ഷകർ ചൂണ്ടികാണിക്കുന്നു.
അതേസമയം ധ്രുവ് വിക്രം നായകനായി എത്തുന്ന 'ബൈസൺ' ഒക്ടോബർ 17 നാണ് തിയേറ്ററുകളിൽ എത്തുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. എന്നാൽ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
'ഇതെന്റെ ആദ്യ ചിത്രം'
മുൻപ് രണ്ട് സിനിമകളിൽ നായകനായി എത്തിയെങ്കിലും ഇത് തന്റെ ആദ്യ ചിത്രമാണ് എന്നാണ് ധ്രുവ് വിക്രം ബൈസണെ വിശേഷിപ്പിച്ചത്. "എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ബൈസൺ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്." ധ്രുവ് വിക്രം പറഞ്ഞു.



