Asianet News MalayalamAsianet News Malayalam

'പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്ജ്വലവും'; ഐക്യദാര്‍ഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം

സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് 'അമ്മ' ജനറല്‍ സെക്രട്ടറിയില്‍ നിന്നും ഉണ്ടായതെന്നും പുകസ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു

pukasa praises actor parvathy thiruvothu for her stand
Author
Thiruvananthapuram, First Published Oct 14, 2020, 9:55 PM IST

'അമ്മ' ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജിവച്ച നടി പാര്‍വ്വതി തിരുവോത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം. പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണെന്നും സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് 'അമ്മ' ജനറല്‍ സെക്രട്ടറിയില്‍ നിന്നും ഉണ്ടായതെന്നും പുകസ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്‍റ് ഷാജി എന്‍ കരുണിന്‍റെയും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിന്‍റെയും പേര് വച്ചുള്ളതാണ് പ്രസ്താവന.

പാര്‍വ്വതിക്ക് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം

നടി പാർവ്വതി തിരുവോത്തിന് അഭിവാദ്യങ്ങൾ. AMMA എന്ന താരസംഘടനയുടെ പുരുഷാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ച് അതിൽ നിന്നും രാജിവെച്ച പ്രശസ്ത നടി പാർവ്വതി തിരുവോത്തിനെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. സിനിമാരംഗത്ത് മാത്രമല്ല, പൊതുവെ സ്ത്രീകൾക്ക് മുഴുവൻ അപമാനകരമായ പരാമർശമാണ് ആ സംഘടനയുടെ ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടായത്.

പാർവ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണ്. ഇതുമൂലം പ്രൊഫഷനിൽ തനിക്ക് ഉണ്ടാവാനിടയുള്ള നഷ്ടങ്ങളെ അഭിമാനബോധമുള്ള കലാകാരി എന്ന നിലയിൽ അവർ അവഗണിച്ചു. സിനിമാരംഗത്തെ സംഘടനകൾ സംഘടിതശക്തി എന്ന നിലവിട്ട് പലപ്പോഴും ആ മേഖലയിലെ കലാകാരന്മാരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയന്ത്രിക്കുകയും പലപ്പോഴും ഊരുവിലക്ക് കൽപ്പിക്കുകയും പതിവുണ്ട്. താരമേധാവിത്തവും പുരുഷമേധാവിത്തവും മാത്രമല്ല ഒരു വക മാഫിയ സ്വഭാവവും അതു പുലർത്താറുണ്ട്.

ഏതൊരു കലയും എന്നപോലെ സിനിമയും സമൂഹത്തിന്‍റെ ജനാധിപത്യവൽക്കരണത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളും ദളിതരുമടക്കം അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ വിമോചന സംരംഭങ്ങളിൽ സിനിമയും മുന്നിൽ നിന്നിട്ടുണ്ട്. എന്നാൽ മൂലധനത്തിന്‍റെ മേൽക്കൈയുള്ളതുകൊണ്ട് തിരശ്ശീലക്കു പിന്നിൽ സ്ത്രീയും ദളിതനും അവഗണിക്കപ്പെടുന്നു. അടിച്ചമർത്തപ്പെടുന്നു. രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടുന്നു. ഈയൊരു ദുസ്വഭാവം കലാകാരനെ അസ്വതന്ത്രനാക്കുകയും സമുന്നതമായ കല എന്ന നിലയിൽ സിനിമയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സിനിമാ നിർമ്മാണമേഖലയിൽ നടക്കുന്ന അവഗണനക്കും അടിച്ചമർത്തലിനുമെതിരെ യുവതലമുറ ശക്തമായി പ്രതികരിക്കുന്നതായി കാണുന്നു. ഇത് സിനിമ എന്ന കലാരൂപത്തിന്‍റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ പ്രതീകമാണ് പാർവ്വതി തിരുവോത്ത് എന്ന അഭിനയപ്രതിഭ.

അഭിവാദ്യങ്ങളോടെ,
ഷാജി എൻ.കരുൺ (പ്രസിഡണ്ട്)
അശോകൻ ചരുവിൽ (ജനറൽ സെക്രട്ടറി)

Follow Us:
Download App:
  • android
  • ios