ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി തുടങ്ങിയവര്‍ അഭിനയിക്കുന്നു

നിരവധി ഹിറ്റ് സിനിമകൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ എ കെ സാജനും- മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ഫാമിലി ത്രില്ലർ പുലിമടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. പേരിലെ പുതുമ കൊണ്ട് പ്രഖ്യാപന സമയം മുതല്‍ പുലിമട പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിമാറിക്കഴിഞ്ഞിരുന്നു. 

വിൻസന്റ് സ്‌കറിയ എന്ന കഥാപാത്രത്തിന്‍റെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകൾ ഏറ്റുവാങ്ങിയ ജോജു ജോർജ്ജ് എന്ന നടന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി നമ്മൾ കണ്ടു ആസ്വദിക്കാൻ പോകുന്ന ചിത്രം ആയിരിക്കും പുലിമട.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തെത്തിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ ഏറെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്. ജോഷിയുടെ ജോജു സിനിമയായ ആന്റണി നിര്‍മ്മിക്കുന്നതും ഐൻസ്‌റ്റീൻ മീഡിയയാണ്.

പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഇരട്ട എന്ന ചിത്രത്തിനുശേഷമുള്ള ജോജു ജോർജിന്റെ റിലീസ് ആണ് പുലിമട. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുകയെന്ന് അണിയറക്കാര്‍ പറയുന്നു.

മ്യൂസിക് ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റ്യൂം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ് സിനോയ്‌ ജോസഫ്, ഗാനരചന റഫീക്ക് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാ. മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ ഹരീഷ് തെക്കേപ്പാട്ട്, ഡി ഐ ലിജു പ്രഭാകർ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ഒബ്സ്ക്യുറ, സ്റ്റിൽ അനൂപ് ചാക്കോ, റിൻസൻ എം ബി ,പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻ ഓൾഡ് മങ്ക്സ്, വിതരണം ആൻ മെഗാ മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ഫരീദാബാദിലേത് തുടക്കം മാത്രം, ചിത്രീകരണം 20 രാജ്യങ്ങളില്‍; യഥാര്‍ഥ 'പാന്‍ ഇന്ത്യന്‍' ആവാന്‍ എമ്പുരാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക