അനുശ്രീ എസ് ഐ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ നേടിയ 'കാക്കിപ്പട' എന്ന പൊലീസ് ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'പുൽപ്പള്ളി എക്സ്പ്രസ്സ്' തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചു. സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീ എസ് ഐ റോളിൽ പ്രധാന കഥാപാത്രമായെത്തുന്നു. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പൊലീസ് കഥാപാത്രമാണിത്. 'ഒപ്പം' എന്ന മോഹൻലാൽ ചിത്രത്തിൽ എ സി പി യുടെ വേഷം ചെയ്തിരുന്നു. തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്സിൽ വെച്ചായിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നത്. പ്രൊഡ്യൂസർ സോണി മങ്കിടി സ്വിച്ച് ഓൺ ചെയ്തു. സോഫി വർഗീസ് ക്ലാപ്പടിച്ചു. തുടർന്ന് ഷൂട്ടിംഗ് ആരംഭിച്ചു.

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണുള്ളത്. പുതുമുഖമായ സ്റ്റീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഷ്ണു അഗസ്ത്യ, ഇർഷാദ്, ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി, സുജിത് ശങ്കർ, ബാലാജി ശർമ്മ, സാബുമോൻ, വിനീത് തട്ടിൽ, അബു സലിം, പാർവതി കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള), ദേവനന്ദ (മാളികപ്പുറം), ശ്രീലക്ഷ്മി (ഭൂതക്കണ്ണാടി), ശ്രീലത നമ്പൂതിരി, ഡോ. ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാള സിനിമയിൽ ഇപ്പോൾ പൊലീസ് ത്രില്ലർ കഥകൾ സൂപ്പർ ഹിറ്റ് അടിക്കുന്ന സമയമാണ്. കഥയും അവതരണ ശൈലിയും കൊണ്ട് കാക്കിപ്പട എന്ന പോലീസ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ തുടർന്നും പോലീസ് കഥ പറയുന്നത് പ്രേക്ഷകരില്‍ വീണ്ടും ആകാംക്ഷ ഉണർത്തുകയാണ്. 30 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചിത്രീകരണം പൂർണ്ണമായും തിരുവനന്തപുരത്താണ് നടക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ രജീഷ് രാമൻ, എഡിറ്റർ സുബിൻ എസ്, സംഗീതം വിവേക് കൃഷ്ണ, വരികൾ വിവേക് മുഴക്കുന്ന്, പ്രോജക്ട് ഡിസൈനർ മുരുകൻ എസ്, കലാസംവിധാനം അജി അമ്പലത്തറ, വസ്ത്രാലങ്കാരം റാണ പ്രതാപ്, മേക്കപ്പ് ജയൻ പൂങ്കുളം, ആക്ഷൻ റൺ രവി, കൊറിയോഗ്രാഫി ശാന്തി മാസ്റ്റർ, അഡീഷണൽ ഡയലോഗ് ജെയിൻ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വി എസ്, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്റ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming