പുനീത് രാജ്‍കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് പൃഥ്വിരാജും ദുല്‍ഖറും.
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar passes away) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 46 വയസായിരുന്നു. പുനീത് രാജ്‍കുമാറിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇത് വളരെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് (Prithviraj) കുറിച്ചത്.
ഇത് വളരെ വേദനിപ്പിക്കുന്നു! വിശ്രമിക്കൂ സൂപ്പര്‍ സ്റ്റാര്‍. കുടുംബത്തിനും സുഹൃത്തുക്കൾക്കും ദശലക്ഷക്കണക്കിന് ആരാധകർക്കും ഈ ദു:ഖത്തിൽ നിന്ന് കരകയറാൻ കരുത്തുണ്ടാകട്ടെയെന്നും പൃഥ്വിരാജ് എഴുതുന്നു. കരുണയുള്ളവനും നല്ല വ്യക്തിയുമായ ഒരാള്‍ എന്നാണ് ദുല്‍ഖര്‍ അനുസ്‍മരിച്ചത്. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ എഴുതുന്നു.
അക്ഷരാര്‍ഥത്തില്‍ ചലച്ചിത്രലോകത്തെ നടുക്കുന്ന വിയോഗമാണ് പുനീത് രാജ്‍കുമാറിന്റെ മരണമെന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.
ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനാണ് പുനീത് രാജ്‍കുമാര്‍. രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നതും. കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍.
