പുനീത് രാജ്‍കുമാറിന്റേതായി പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍.

ബാലതാരമായി വന്ന് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar Passes away). ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകൻ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായ പുനീത് രാജ്‍കുമാര്‍ മുതിര്‍ന്നശേഷം വളരെ പെട്ടെന്നാണ് പവര്‍ സ്റ്റാറായി മാറിയത്. പുനീത് രാജ്‍കുമാര്‍ കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി മാറി. നാല്‍പ്പത്തിയാറാം വയസില്‍ അകാലത്തില്‍ അന്തരിച്ച, പുനീത് രാജ്‍കുമാറിന്റേതായി പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത് രണ്ട് ചിത്രങ്ങളാണ്. 

YouTube video player

ജയിംസ് (James), ദ്വൈത്വ (Dvithva) എന്നീ ചിത്രങ്ങളാണ് പുനീതാ രാജ്‍കുമാറിന്റേതായിട്ടുള്ളത്. ഇതില്‍ ജയിംസ് എന്ന ചിത്രം ഏകദേശം ഷൂട്ടിംഗ് കഴിയുകയും ചെയ്‍തിരുന്നെങ്കിലും റിലീസിന് തയ്യാറായിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുനീത് രാജ്‍കുമാറിന് പ്രതീക്ഷയുള്ള ചിത്രവുമായിരുന്നു ഇത്. കന്നഡയിലെ വൻ ഹിറ്റ് ചിത്രമായ രാജകുമാരയ്‍ക്ക് ശേഷം പുനീത് രാജ്‍കുമാറും പ്രിയാ ആനന്ദും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ജയിംസിനുണ്ട്. ചേതൻകുമാര്‍ ആണ് ജയിംസെന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.പവൻ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രം ദ്വൈത്വയില്‍ പുനീത് രാജ്‍കുമാറിന്റെ നായികയായി തൃഷയെയും പ്രഖ്യാപിച്ചെങ്കിലും ഷൂട്ടിംഗ് തുടങ്ങിയിരുന്നില്ല.

YouTube video player

ഇനിയുമെത്രയോ വൻ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി എത്തുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന പുനീത് രാജ്‍കുമാറാണ് അകാലത്തില്‍ അന്തരിച്ചത്.

പുനീത് രാജ്‍കുമാറിന്റേതായി യുവരത്‌നയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. അച്ഛൻ രാജ്‍കുമാര്‍ അഭിനയിച്ച ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ പുനീത് രാജ്‍കുമാര്‍ 'അപ്പു'വിലൂടെയാണ് നായകനായി പ്രേക്ഷകരുടെ പ്രിയം നേടിയത്. അപ്പുവെന്ന വിളിപ്പേരും കിട്ടി. ദിനേശ് ബാബുവിന്റെ അഭിയെന്ന ചിത്രവും ഹിറ്റായതോടെ പുനീത് രാജ്‍കുമാര്‍ മുൻനിര നായകനായി. 2017ൽ പുറത്തിറങ്ങിയ രാജകുമാരയെന്ന ചിത്രം കന്നഡത്തിലെ സർവകാല ബോക്സ് ഓഫീസ് റെക്കോഡുകളും സ്വന്തമാക്കി. യാഷിന്റെ കെജിഎഫ് എന്ന ചിത്രം മാത്രമാണ് രാജകുമാരയെ മറികടന്നത്. വീണ്ടും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുമായി വരാനിരിക്കെയാണ് പുനീത് രാജ്‍കുമാറിനെ മരണം കവര്‍ന്നിരിക്കുന്നത്.