പുനീതിന്‍റെ യുഎസിലുള്ള മകള്‍ വന്ദിത എത്തിയതിനു ശേഷമാവും സംസ്‍കാര ചടങ്ങുകള്‍ നടക്കുക

ബംഗളൂരു: ഇന്നലെ അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്‍കുമാറിന്‍റെ (Puneeth Rajkumar) ശവസംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട്. മാതാപിതാക്കളായ ഡോ: രാജ്‍കുമാറിന്‍റെയും പര്‍വ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്‍ത കണ്ഡീരവ സ്റ്റുഡിയോയിലാണ് (Kanteerava Studio) ചടങ്ങുകള്‍ നടക്കുക. ഇന്നലെ രാത്രിയോടെ പൊതുദര്‍ശനത്തിനുവച്ച കണ്ഡീരവ സ്റ്റേഡിയത്തില്‍ (Kanteerava Stadium) നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കണ്‍ഡീരവ സ്റ്റുഡിയോയിലേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോവുക. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച് കണ്‍ഡീരവ സ്റ്റേഡിയവും. കര്‍ണ്ണാടകയില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Scroll to load tweet…

വരുമാനത്തിന്‍റെ നിശ്ചിതഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച താരം

സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി. ബസ്സുകള്‍ തല്ലിത്തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആര്‍പി പ്ലാറ്റൂണുകളെയുമാണ് നിലവില്‍ ബംഗളൂരു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസര്‍വ്വും ആര്‍എഎഫുമുണ്ട്. 

Scroll to load tweet…

പുനീതിന്‍റെ യുഎസിലുള്ള മകള്‍ വന്ദിത എത്തിയതിനു ശേഷമാവും സംസ്‍കാര ചടങ്ങുകള്‍ നടക്കുക. ദില്ലിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തുന്ന വന്ദിതയ്ക്ക് ബംഗളൂരുവില്‍ എത്താനായി പ്രത്യേക വിമാനം ഒരുക്കിയിട്ടുള്ളതായ് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വൈകിട്ട് ഏഴ് മണിയോടെയാവും പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയുള്ള സംസ്‍കാര ചടങ്ങുകള്‍. വിക്രം ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി തന്നെ മൃതദേഹം പൊതുദര്‍ശനത്തിനായി കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തിച്ചിരുന്നു. ആയിരങ്ങളാണ് ഇന്നലെ മുതല്‍ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നത്. കന്നഡ രാഷ്‍ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖര്‍ ഇന്നലെ രാത്രി തന്നെ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ അടക്കമുള്ള തെലുങ്ക് സിനിമാതാരങ്ങളും ഇന്ന് നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും. 

YouTube video player