രാജസ്ഥാന്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. ചിത്രത്തിന്‍റെ ഇതുവരെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഒരു ഗാനമായിരുന്നു അത്. പുന്നാര കാട്ടിലേ എന്നാരംഭിക്കുന്ന ഗാനം ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ ഗാനരംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.
രാജസ്ഥാന്‍ പ്രധാന ലൊക്കേഷന്‍ ആയിരുന്ന ചിത്രത്തിലെ പുറത്തെത്തിയ ഗാനവും അവിടെ ചിത്രീകരിച്ചത് ആയിരുന്നു. രാത്രി രംഗങ്ങളാണ് ഗാനത്തില്‍ കടന്നുവരുന്നത്. ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് രാജസ്ഥാനിലെ രാത്രി ആ ഗാനത്തിനായി പകര്‍ത്തിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിലൂടെ കാണാനാവും.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ആകുന്നത്.

