ബോക്സ് ഓഫീസിലും വന്‍ വിജയം നേടിയ ചിത്രം

അല്ലു അര്‍ജുന്‍ എന്ന താരത്തിന്‍റെ കരിയര്‍ ബ്രേക്ക് കഥാപാത്രമായിരുന്നു പുഷ്പരാജ്. പുഷ്പ ഫ്രാഞ്ചൈസിയിലെ ചന്ദനക്കടത്തുകാരന്‍റെ കഥാപാത്രം ഈ തെലുങ്ക് താരത്തെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് നീക്കിനിര്‍ത്തിയത്. ബോക്സ് ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കിയ പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് നേട്ടം 1800 കോടിയുടേത് ആയിരുന്നു. ഇപ്പോഴിതാ മിനിസ്ക്രീനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം എന്നാണ് വിവരം. ടെലിവിഷനില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.

തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' മറികടന്നിരിക്കുകയാണ്. ഈ റേറ്റിങ്ങുകള്‍ക്കൊക്കെ അപ്പുറം യഥാർത്ഥത്തിൽ വേറിട്ടുനിൽക്കുന്നത് സിനിമയുമായി പ്രേക്ഷകർക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധവും അത് പ്രേക്ഷകര്‍ക്കിടയിൽ തീർത്ത പ്രതിഫലനവുമാണ്. ബോളിവുഡ് ഭീമന്മാരെ പോലും മറികടന്ന് രാജ്യത്തുടനീളമുള്ള എല്ലാ വീട്ടിലും ഡബ്ബ് ചെയ്തെത്തിയ പുഷ്പ 2 എത്തുക എന്നത് തന്നെ ശ്രദ്ധേയമായ ഒരു നേട്ടമാണ്, പ്രദർശന ശാലകളിലായാലും വീട്ടിലായാലും, പുഷ്പ രാജ് എന്ന അല്ലു അർജുന്‍റെ ശക്തമായ കഥാപാത്രത്തെ പ്രേക്ഷകർ ആഘോഷിക്കുന്നത് തുടരുകയാണ്.

നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുന്‍റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ദേശീയ അവാർഡ് നേടുകയും അതോടൊപ്പം പാൻ ഇന്ത്യൻ താരപദവിയുടെ പ്രതീകമായി ഉയർന്നുവരുകയും ചെയ്തതിലൂടെ ഓരോ വിജയത്തിലും അല്ലു അർജുന്‍ ജനഹൃദയങ്ങളിൽ ഒരു വികാരമായി വളർന്നിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News