റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് നൽകിയ ഉപരോധ ഇളവുകൾ നീട്ടാൻ സാധ്യതയില്ലെന്ന് അമേരിക്കൻ ഭരണകൂടം സൂചന നൽകി. ജൂൺ 17-ന് ഇളവ് അവസാനിക്കുന്നതോടെ, റഷ്യൻ എണ്ണയ്ക്ക് പകരം വെനസ്വേല പോലുള്ള രാജ്യങ്ങളെ ആശ്രയിക്കാൻ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നു.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ വീണ്ടും അനിശ്ചിതത്വം. ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ള ഉപരോധ ഇളവുകള്‍ ഇനി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന ശക്തമായ സൂചനയുമായി ഡോണാള്‍ഡ് ട്രംപ് ഭരണകൂടം രംഗത്തെത്തി. ഇളവുകള്‍ എത്രയും വേഗം അവസാനിപ്പിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി യോഗത്തിലാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂണ്‍ 17 നിര്‍ണായകം; ഇളവുകള്‍ അവസാനിപ്പിക്കാന്‍ യുഎസ്

യുക്രെയ്ന്‍ യുദ്ധം തുടങ്ങിയത് മുതല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുണ്ട്. എണ്ണ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം റഷ്യ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നാണ് യുഎസിന്റെ വാദം. എന്നാല്‍, അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം മൂലം ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ പ്രതിസന്ധി ഉണ്ടായപ്പോള്‍ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് താല്‍ക്കാലികമായി ഇളവുകള്‍ അനുവദിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി അനുവദിച്ച ഈ ഇളവ് പിന്നീട് രണ്ട് തവണ നീട്ടി നല്‍കി. എന്നാല്‍ ഇതിന്റെ കാലാവധി വരും ജൂണ്‍ 17-ന് അവസാനിക്കുകയാണ്. ഇളവുകളുടെ കാലാവധി നീട്ടിനല്‍കാതെ അത് അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകുമോ എന്ന സെനറ്റര്‍ ജീന്‍ ഷഹീന്റെ ചോദ്യത്തിന് മറുപടിയായാണ്, എത്രയും വേഗം ഇത് നിര്‍ത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് റൂബിയോ വ്യക്തമാക്കിയത്. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാന്‍ വേണ്ടിയാണ് താല്‍ക്കാലികമായി ഈ ഇളവുകള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാര കരാറും നികുതി തര്‍ക്കവും

റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, കുറഞ്ഞ നിരക്കില്‍ റഷ്യ ലഭ്യമാക്കിയ ക്രൂഡ് ഓയില്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കി നല്‍കിയിരുന്നു. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് എവിടെ നിന്ന് വേണമെങ്കിലും എണ്ണ വാങ്ങാന്‍ അവകാശമുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്ന്‍ യുദ്ധത്തിന് പണം നല്‍കുകയാണെന്ന് ആരോപിച്ച് ട്രംപ് മുന്‍പ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഘട്ടംഘട്ടമായി നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനല്‍കിയതായി ട്രംപ് പലതവണ അവകാശപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച വ്യാപാര കരാറിന് ശേഷം പുറത്തിറക്കിയ രേഖയില്‍, റഷ്യന്‍ എണ്ണ നേരിട്ടോ അല്ലാതെയോ വാങ്ങുന്നത് നിര്‍ത്താമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടര്‍ന്നാണ് 25 ശതമാനം അധിക നികുതി ട്രംപ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെ ലക്ഷ്യം വെനസ്വേലയോ?

റഷ്യന്‍ എണ്ണ വാങ്ങുന്നത് വഴി ആവശ്യത്തിനുള്ള എണ്ണ ലഭ്യമാക്കാനും അതുവഴി വലിയൊരു ഊര്‍ജ്ജ പ്രതിസന്ധി ഒഴിവാക്കാനും ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും, റഷ്യയെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് പൂര്‍ണ്ണമായും കുറയ്ക്കണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം. റഷ്യയ്ക്ക് പകരം വെനസ്വേല ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നത്.