Asianet News MalayalamAsianet News Malayalam

ഒഫിഷ്യല്‍ വരുന്നതിനു മുന്‍പ് ആദ്യ ഗാനം ലീക്ക്; നിയമനടപടിക്ക് 'പുഷ്‍പ' നിര്‍മ്മാതാക്കള്‍

കാണികളുടെ ആകാംക്ഷ ചോര്‍ത്തിക്കളയുന്ന തരത്തിലുള്ള ഈ ലീക്കുകള്‍ തങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു

pushpa and sarkaru vaari paata films materials leaked producers approached cyber crime department
Author
Thiruvananthapuram, First Published Aug 15, 2021, 8:10 PM IST

തെലുങ്കില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്‍പ'യും മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം സംവിധാനം ചെയ്യുന്ന 'സര്‍ക്കാരു വാരി പാട്ട'യും. ഇരുചിത്രങ്ങളുടെ നിര്‍മ്മാണം തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ്. എന്നാല്‍ ഇരുചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ നിര്‍മ്മാതാക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ് അനൗദ്യോഗികമായി പുറത്തുവരുന്ന സ്റ്റില്ലുകളും പബ്ലിസിറ്റി മെറ്റീരിയലുകളുമൊക്കെ. വലിയ പരസ്യത്തിനു പിന്നാലെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട 'പുഷ്‍പ'യിലെ ആദ്യ ഗാനം അതിനു മുന്‍പുതന്നെ ലീക്ക് ആയിരുന്നു. പുഷ്‍പ ലൊക്കേഷനില്‍ നിന്നുള്ള അല്ലു അര്‍ജുന്‍റെ ചില ചിത്രങ്ങളും 'സര്‍ക്കാരു വാരി പാട്ട'യുടെ ടീസറുമൊക്കെ ഇത്തരത്തില്‍ ലീക്ക് ആയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈത്രി മൂവി മേക്കേഴ്സ്.

കാണികളുടെ ആകാംക്ഷ ചോര്‍ത്തിക്കളയുന്ന തരത്തിലുള്ള ഈ ലീക്കുകള്‍ തങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. "സര്‍ക്കാരു വാരി പാട്ടയുടെയും പുഷ്‍പയുടെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതിനെ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക കൂടിയാണ് ലക്ഷ്യം. സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിക്കഴിഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു", നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അതേസമയം പുഷ്‍പയിലെ ആദ്യഗാനത്തിന് റെക്കോര്‍ഡ് പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബഹുഭാഷകളില്‍ എത്തിയ ഗാനത്തിന്‍റെ തെലുങ്ക് പതിപ്പിനു മാത്രം 1.3 കോടിയിലേറെ കാഴ്ചകള്‍ യുട്യൂബില്‍ ലഭിച്ചിട്ടുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്‍റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും. അതേസമയം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മഹേഷ് ബാബു നായകനാവുന്ന സര്‍ക്കാരു വാരി പാട്ട. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios