സാങ്കേതിക കാരണങ്ങളാലാണ് കേരളത്തില്‍ ആദ്യദിനം തമിഴ് പതിപ്പ് പ്രദര്‍ശിപ്പിച്ചത്

വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ അല്ലു അര്‍ജുന്‍ (Allu Arjun) ചിത്രം 'പുഷ്‍പ' (Pushpa) മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ആദ്യദിനം കേരളത്തില്‍ തമിഴ് പതിപ്പാണ് പ്രദര്‍ശിപ്പിച്ചത്. ശനിയാഴ്ച മുതല്‍ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കുമെന്ന് വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് അറിയിച്ചിരുന്നു. പ്രേക്ഷകരോട് അവര്‍ ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരള റിലീസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി (Suresh Gopi). തിയറ്ററുകള്‍ സജീവമാകുന്ന ഈ ഘട്ടത്തില്‍ സിനിമകളോട് മലയാളം, തമിഴ് എന്നിങ്ങനെ വേര്‍തിരിവൊന്നും പ്രേക്ഷകര്‍ കാട്ടരുതെന്ന് സുരേഷ് ഗോപി അഭ്യര്‍ഥിക്കുന്നു.

"പുഷ്‍പ' എന്ന തെലുങ്ക് ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് കേരളത്തിലെ തിയേറ്ററുകൾ പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്. സിനിമാ വ്യവസായത്തിന് തിയറ്ററുകൾ തീർച്ഛയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാൻ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം, തമിഴ് എന്ന വേർത്തിരിവിൽ ആരും തിയറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു", സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഒരു ദിവസം വൈകുന്നതിന്‍റെ കാരണം വിശദീകരിച്ച് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരുന്നു. "സമയത്തിന്‍റേതായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാല്‍ പ്രിന്‍റിന് അയക്കുന്നതിനു മുന്‍പ് മിക്സിന്‍റെ ക്വാളിറ്റി കണ്‍ട്രോള്‍ നടത്താന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയില്ല. സിസ്റ്റത്തിലെ ഒരു ബഗ് കാരണം അത് സിങ്ക് പ്രശ്‍നങ്ങളിലേക്കും മറ്റു ചില ഓഡിയോ പ്രശ്‍നങ്ങളിലേക്കും നയിച്ചു. അതിനാലാണ് മലയാളം പതിപ്പ് വൈകിയത്. പ്രശ്‍നം ഞങ്ങള്‍ പരിഹരിച്ചു. പ്രിന്‍റുകള്‍ വൈകാതെ എത്തും. മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ അവലംബിച്ചിരുന്നത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്‍റില്‍ പ്രശ്‍നം കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്‍റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്", റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്‍തിരുന്നു.