രണ്ടാം ഭാഗം എത്തുക ഡിസംബര്‍ 5 ന്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുഷ്‍പ 2 നോളം പ്രേക്ഷക പ്രതീക്ഷ നേടിയ ഒരു ചിത്രമില്ല. ഭാഷാഭേദമന്യെ അത്ര സ്വീകാര്യതയാണ് 2021 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം നേടിയത്. ആരാധകരുടെ ഏറെക്കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 5 നാണ് പുഷ്പ 2 തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ ആരാധകരുടെ ശ്രദ്ധ നേടിയ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. സീക്വലിന് മുന്നോടിയായി ആദ്യ ഭാഗം ഒരിക്കല്‍ക്കൂടി തിയറ്ററുകളില്‍ എത്തും എന്നതാണ് അത്. എന്നാല്‍ എല്ലായിടത്തുമുള്ള പ്രേക്ഷകര്‍ക്ക് അതിന് അവസരം ഉണ്ടാവില്ല.

യുഎസിലാണ് പുഷ്പ 2 ന്‍റെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ യുഎസിലെ വിതരണക്കാരായ പ്രത്യംഗിര സിനിമാസ് ആണ് റീ റിലീസിന്‍റെ വിവരം അറിയിച്ചിരിക്കുന്നത്. ഈ മാസം 19-ാം തീയതി ചിത്രം യുഎസിലെ തിയറ്ററുകളില്‍ എത്തും. വലിയ സ്ക്രീന്‍ കൗണ്ടോടെയാണ് ഈ റീ റിലീസ് എന്നാണ് അറിയുന്നത്. എന്നാല്‍ സ്ക്രീന്‍ കൗണ്ട് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തെലുങ്ക് സംസ്ഥാനങ്ങളിലും പുഷ്പ 1 റീ റിലീസിന് എത്തുമോ എന്ന അന്വേഷണത്തിലാണ് അല്ലു ആരാധകര്‍. ബിഗ് സ്ക്രീനിലും പിന്നീട് ഒടിടിയിലും പലകുറി കണ്ട പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന് ചിത്രം ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീനില്‍ ആസ്വദിക്കണമെന്നുണ്ട്. 

ഫഹദ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ്, റാവു രമേശ്, അജയ് ഘോഷ്, ധനഞ്ജയ തുടങ്ങി വലിയ താരനിരയാണ് പുഷ്പ 2 ല്‍ അണിനിരക്കുന്നത്. 

ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം