പ്രശസ്ത സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയോട് ചര്‍ച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഷാരോണ്‍ ടേറ്റിന്റെ ദുരന്ത ജീവിതാന്ത്യം സിനിമയാക്കിയ ക്വന്റിന്‍ ടരന്റിനോയ്ക്ക് വിമര്‍ശനം. ഇന്നലെ അവസാനിച്ച ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്ത, ഈ വര്‍ഷം ഹോളിവുഡില്‍ ഏറ്റവും കാത്തിരിപ്പുള്ള സിനിമ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' ആണ് വിവാദത്തിലായിരിക്കുന്ന സിനിമ. റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യ ഇമ്മനുവല്‍ സിനിയെയാണ് വിഖ്യാത സംവിധായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇമ്മനുവലിന്റെ വിമര്‍ശനം.

"റൊമാന്‍ പൊളാന്‍സ്‌കിയെയും അദ്ദേഹത്തിന്റെ ദുരന്ത കഥയെയും സിനിമയാക്കുന്നതില്‍ ഹോളിവുഡ് പ്രശ്‌നമൊന്നും കാണുന്നുണ്ടാവില്ല. അതേസമയം ആ കഥയില്‍ അദ്ദേഹത്തെ ഒരു നീചനായും അവതരിപ്പിക്കുന്ന അവര്‍. അതും അദ്ദേഹത്തോട് ഒരു വാക്ക് പോലും ചോദിക്കാതെ.."

ഇമ്മനുവലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വാക്കുകള്‍.

 

 

അറുപതുകളിലെ അമേരിക്കയില്‍ നടന്ന യഥാര്‍ഥ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് ടരന്റിനോ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' ഒരുക്കിയിരിക്കുന്നത്. കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ചാള്‍സ് മാന്‍സണിന്റെ അനുയായികള്‍ നടത്തിയ നാല് കൊലപാതകങ്ങളാണ് ചിത്രത്തിന്റെ വിഷയം. ഹോളിവുഡ് നടിയും സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയുമായിരുന്ന ഷാരോണ്‍ ടേറ്റ് ആയിരുന്നു കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കൊലചെയ്യപ്പെടുന്ന സമയത്ത് അവര്‍ എട്ടര മാസം ഗര്‍ഭിണിയുമായിരുന്നു. മാര്‍ഗോ റോബിയാണ് സിനിമയില്‍ ഷാരോണിന്റെ വേഷത്തില്‍ എത്തുന്നത്. സിനിമ അവലംബിക്കുന്ന യഥാര്‍ഥ കൊലപാതകങ്ങളുടെ അന്‍പതാം വര്‍ഷത്തിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.