ആർ. മാധവൻ നായകനായ 'ജി.ഡി.എൻ' എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു ഭാഗം ഓട്ടിസം ബാധിച്ചവരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ക്ഷേമത്തിന്.

പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി വിജയകരമായി തിയേറ്ററുകളിൽ മുന്നേറുന്ന ‘ജി.ഡി.എൻ’ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സുപ്രധാന പ്രഖ്യാപനവുമായി നിർമ്മാതാക്കളായ വർഗീസ് മൂലൻസ് പിക്ചേഴ്സ്.ജി.ഡി. നായിഡുവിന്റെ അസാധാരണ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ആർ. മാധവൻ ആണ് ജി ഡി നായിഡു ആയി വേഷമിട്ടിരിക്കുന്നത് . മികച്ച പ്രേക്ഷക പ്രതികരണവും ശക്തമായ വാക്ക് ഓഫ് മൗത്ത് പ്രചാരണവും നേടി ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ സ്വന്തമാക്കി മുന്നേറുന്ന ചിത്രമായി ‘ജി.ഡി.എൻ’ മാറിയിരിക്കുകയാണ്.

വർഗീസ് മൂലൻസ് പിക്ചേഴ്സും ട്രൈകളർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ജി.ഡി.എൻ’. ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട്, ചിത്രത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം വർഗീസ് മൂലൻ ഫൗണ്ടേഷനിലൂടെ ഓട്ടിസം ബാധിച്ചവരും പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

വർഗീസ് മൂലൻസ് പിക്ചേഴ്സിന്റെ ആദ്യ ചിത്രമായ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ വഴിയും സാമൂഹിക പ്രതിബദ്ധതയുടെ മാതൃക സ്ഥാപിച്ചിരുന്നു. ചിത്രത്തിലൂടെ ലഭിച്ച പിന്തുണയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 60 കുട്ടികളുടെ ജീവൻ രക്ഷിക്കുന്ന ഹൃദയ ശസ്ത്രക്രിയകൾക്ക് സഹായം നൽകാൻ നിർമ്മാതാക്കൾക്ക് സാധിച്ചിരുന്നു.

സിനിമയുടെ വിജയം ബോക്സ് ഓഫീസിലെ നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലും അതിന്റെ യഥാർത്ഥ വിജയമുണ്ടെന്നുമാണ് വർഗീസ് മൂലൻസ് പിക്ചേഴ്സിന്റെ നിലപാട്. പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള ഹൃദയം നിറഞ്ഞ നന്ദിയായാണ് ‘ജി.ഡി.എൻ’ ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ഭാഗം ഈ മഹത്തായ പ്രവർത്തനത്തിനായി സമർപ്പിക്കുന്നതെന്ന് ഡോ. വർഗീസ് മൂലൻ അറിയിച്ചു. തിയേറ്ററുകളിലെ വിജയകരമായ പ്രദർശനം തുടരുന്നതിനിടെ, ചിത്രം ഉടൻ തന്നെ കൂടുതൽ വലിയ പ്രേക്ഷക സമൂഹത്തിലേക്ക് എത്താനൊരുങ്ങുകയാണ്. തിയേറ്റർ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പി ആർ ഒ ഐശ്വര്യ രാജ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming