Asianet News MalayalamAsianet News Malayalam

'വികാരത്തിന്‍റെ പുറത്ത് സംഭവിച്ച പിഴവ്'; ഉണ്ണി വ്ളോഗ്‍സിനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍

"കുറച്ച് സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി"

raastha director aneesh anwar apologize to youtuber unni vlogs nsn
Author
First Published Jan 30, 2024, 10:41 AM IST

താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം രാസ്തയുടെ റിവ്യൂ പറഞ്ഞതിന് യുട്യൂബര്‍ ഉണ്ണി വ്ലോഗ്‍സിനെ സംവിധായകന്‍ അനീഷ് അന്‍വര്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംവിധായകന്‍ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എളമക്കര പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സംവിധായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇപ്പോഴിതാ തന്‍റെ പ്രവര്‍ത്തിയില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനീഷ് അന്‍വര്‍. അപ്പോഴത്തെ വികാരാവേശത്താല്‍ തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് അതെന്ന് അനീഷ് അന്‍വര്‍ സോഷ്യല്‍ മീ‍ഡിയയില്‍ കുറിച്ചു. 

അനീഷ് അന്‍വറിന്‍റെ കുറിപ്പ്

പ്രിയപ്പെട്ടവരെ, ഞാൻ അനീഷ് അൻവർ. എന്റെ പുതിയ സിനിമ രാസ്ത ഇറങ്ങിയപ്പോൾ ഉണ്ണി വ്ലോഗ്‌സിൽ അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ഫോൺ സംഭാഷണം ഉണ്ടാവുകയും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു. മാനസികമായി ഒരുപാട് തളർന്നു പോയിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു.  

തീർച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു പോയതിൽ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ്. സത്യത്തിൽ അമ്മയെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ച് സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റ് സംഭാഷങ്ങൾ ഉണ്ണിക്കു ജാതി അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഒരിക്കലും അത് മനപ്പൂർവം ചെയ്തതല്ല. മനപ്പൂർവം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും. ആ സമയത്തെ എന്റെ വികാരങ്ങളുടെ പുറത്ത് സംഭവിച്ചുപോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല. എന്റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. 
എന്റെ പ്രവർത്തി കൊണ്ട് വിഷമിച്ച ഓരോരുത്തരോടും ഈ അവസരത്തിൽ എന്റെ ഖേദം അറിയിക്കുകയാണ്. ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കുമോ ഇതിന്റെ പേരിൽ ഒരുപദ്രവവും എന്നിൽ നിന്നോ എന്റെ ബന്ധുമിത്രാദികളിൽ നിന്നോ ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാർത്ഥതയോടെയാണ് ഞാൻ ഈ എഴുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിശ്വസ്തതയോടെ, അനീഷ് അൻവർ.

ALSO READ : 'ലാലേട്ടനെപ്പറ്റി കൂടുതല്‍ എന്ത് പറയാന്‍'; 'വാലിബന്‍' റിവ്യൂവുമായി മഞ്ജു വാര്യര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios