പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി തെന്നിന്ത്യന്‍ താരം പ്രഭാസ്. പുതിയ ചിത്രമായ രാധേ ശ്യാമിന്റെ മോഷന്‍ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. പ്രണയം നിറഞ്ഞൊരു യാത്രാ അനുഭവമാണ് ആരാധകര്‍ക്ക് പോസ്റ്റര്‍ സമ്മാനിക്കുന്നത്. 

ഒരു ട്രെയിന്‍ യാത്രയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രെയിനിനുള്ളില്‍ പ്രണയ ജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി എന്നിവരുടെ അനിമേഷന്‍ കാണാം. പിന്നാലെയാണ് പ്രഭാസിന്റേയും നായികയായ പൂജ ഹെഡ്‌ജെയുടേയും പ്രണയരംഗം കാണുന്നത്. 'രാധേശ്യാമിന്റെ പ്രണയ യാത്രയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 

രണ്ട് ദിവസം മുമ്പ് ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യുവി ക്രിയേഷന്റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോള്‍ ഇറ്റലിയിലാണ്. നേരത്തെ കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനരാരംഭിച്ചിരുന്നു. സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.