കവിതയുടെ ഭംഗിയുള്ള ഒട്ടേറെ ഗാനങ്ങള്‍ മലയാളസിനിമയ്ക്ക് നല്‍കിയ രചയിതാവാണ് റഫീഖ് അഹമ്മദ്. ഇപ്പോഴിതാ അദ്ദേഹം ആദ്യത്തെ തിരക്കഥ ഒരുക്കാന്‍ പോകുന്നു. എന്നാല്‍ അത് മലയാളത്തിലല്ല ബോളിവുഡ് സിനിമയ്ക്കുവേണ്ടി ആണെന്നു മാത്രം. വിജീഷ് മണി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം വ്യത്യസ്തമായ പ്രണയകഥ ആയിരിക്കും. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് സംവിധായകനില്‍ നിന്ന് കടലാസും പേനയും ഏറ്റുവാങ്ങിയാണ് റഫീഖ് അഹമ്മദ് തിരക്കഥാ രചനയ്ക്ക് തുടക്കം കുറിച്ചത്.

പ്രശസ്ത ബോളിവുഡ് സംവിധായക സഹോദരങ്ങളായ അബ്ബാസ് മസ്താന്‍ ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്. റഫീഖ് അഹമ്മദ് മലയാളത്തില്‍ എഴുതുന്ന തിരക്കഥ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് അവരാണ്. ന്യൂഡല്‍ഹി, വയനാട് എന്നിവിടങ്ങളിലായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. നായകന്‍ ഹിന്ദിയില്‍ നിന്നും നായിക മലയാളത്തില്‍ നിന്നും ആയിരിക്കും.

നേരത്തെ ശ്രീനാരായണ ഗുരുവിന്‍റെ ജീവിതം പറയുന്ന വിശ്വഗുരു, സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതം ആസ്പദമാക്കിയ നേതാജി, ജയറാം കുചേലനായി എത്തുന്ന, പുറത്തിറങ്ങാനിരിക്കുന്ന സംസ്‍കൃത ചിത്രം നമോ എന്നിവ വിജീഷ് മണിയുടേതായി ഉണ്ട്. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പിതാവും തെലുങ്ക് സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്ന ഒരു മലയാള ചിത്രവും വിജീഷ് മണി പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ഭഗവാന്‍ (2009) എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവുമാണ് വിജീഷ് മണി.