150 കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 2027-ൽ അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തും

രമേഷ് വർമ്മ ഒരുക്കുന്ന ബ്രഹ്‍മാണ്ഡ പാൻ ഇന്ത്യൻ ചിത്രം മഹാവീർ കർണ്ണയുടെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ലോറൻസിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ഇതിഹാസ യോദ്ധാവായ കർണ്ണൻ ആയി വേഷമിടുന്ന രാഘവ ലോറൻസിൻ്റെ മാസ് പോസ്റ്റർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രമേഷ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാൻ ഒരുങ്ങുകയാണ് ‘മഹാവീർ കർണ്ണ’ എന്ന ബ്രഹ്‍മാണ്ഡ പാൻ ഇന്ത്യൻ ചിത്രം. ഏകദേശം 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ‘മഹാവീർ കർണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് എത്തുക. 2027 ൽ ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ ഇതിഹാസ കഥകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്. വലിയ കാൻവാസിൽ പ്രത്യേകം നിർമ്മിച്ച സെറ്റുകൾ, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷൻ ഡിസൈൻ, വിശാലമായ ആക്ഷൻ രംഗങ്ങൾ, യുദ്ധരംഗങ്ങൾ, അത്യാധുനിക വിഷ്വൽ എഫക്റ്റ്സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും എന്നും അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

പുരാതന സാമ്രാജ്യങ്ങളുടെയും യുദ്ധഭൂമികളുടെയും പശ്ചാത്തലത്തിൽ, വമ്പൻ സെറ്റുകളുടെ പ്രൗഢിയും അത്യാധുനിക വിഎഫ്എക്‌സിന്റെ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടാണ് കർണ്ണന്റെ ലോകം സ്ക്രീനിൽ സൃഷ്ടിക്കുന്നത്. വൈകാരികതയും ആക്ഷനും ഒരുപോലെ നിറഞ്ഞ ഒരു ഇതിഹാസ അനുഭവമായാകും സംവിധായകൻ രമേഷ് വർമ്മ ചിത്രം അവതരിപ്പിക്കുക എന്നാണ് സൂചന. മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള രമേഷ് വർമ്മയുടെ പരിചയ സമ്പത്തും കർണൻ എന്ന ഇതിഹാസ കഥാപാത്രത്തിൻ്റെ പശ്ചാത്തലവും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സമന്വയിപ്പിച്ച് ഇന്ത്യൻ സിനിമയിൽ വ്യത്യസ്തമായൊരു അനുഭവം സൃഷ്ടിക്കാനാണ് മഹാവീർ കർണ്ണ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ബാക്കി താരനിരയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

അവതരണം: ജയന്തിലാൽ ഗഡ, പെൻ മൂവീസ്, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ : ശബരി.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming