ന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി തമിഴ് നടൻ രാഘവ ലോറൻസ്. ​ഗണേശന്റെ മരണശേഷം പങ്കുവച്ച ട്വീറ്റിലാണ് ലോറൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ‘സഹോദരാ. താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ സംരക്ഷിക്കും.. അങ്ങേയ്ക്ക് ആത്മശാന്തി നേരുന്നു‘ എന്നാണ് ലോറൻസ് ട്വീറ്റ് ചെയ്തത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഗണേശന്റെ അന്ത്യം. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്‍താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട ഗണേശ് നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അജിത്ത് മാത്രമാണ് തന്നെ യഥാര്‍ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്‍റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞിരുന്നു. രാഘവ ലോറന്‍സ്, സ്നേഹന്‍ എന്നിവര്‍ കാര്‍ത്തിക്കിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.