Asianet News MalayalamAsianet News Malayalam

ആരാണ് മോഹന്‍ലാലിന്റെ 'ബറോസ്സ്'? രഘുനാഥ് പലേരി പറയുന്നു

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നിഗൂഢ രചനയാണ് ജിജോയുടേതെന്നും ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് 'ബറോസ്സ്' എന്നുമായിരുന്നു മോഹന്‍ലാലിന്റെ അന്നത്തെ കുറിപ്പ്. എന്നാല്‍ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച് കൗതുകകരമായ ഒരു വിവരം കൂടി പങ്കുവെക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരി.
 

raghunath paleri about mohanlal directing movie
Author
Thiruvananthapuram, First Published May 31, 2019, 8:45 PM IST

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത്, താന്‍ നായകനായ ചിത്രം 'ലൂസിഫര്‍' വലിയ വിജയം നേടുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് മോഹന്‍ലാല്‍ കൗതുകകരമായ ആ വിവരം പുറത്തുവിട്ടത്. താനും ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന വിവരം. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ഒട്ടേറെ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നിഗൂഢ രചനയാണ് ജിജോയുടേതെന്നും ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് 'ബറോസ്സ്' എന്നുമായിരുന്നു മോഹന്‍ലാലിന്റെ അന്നത്തെ കുറിപ്പ്. എന്നാല്‍ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച് കൗതുകകരമായ ഒരു വിവരം കൂടി പങ്കുവെക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ് എന്നതാണത്. ജിജോയുമായുള്ള വര്‍ഷങ്ങളുടെ ബന്ധം പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് രഘുനാഥ് പലേരി 'ബറോസ്സി'നെയും മോഹന്‍ലാലിന്റെ ടൈറ്റില്‍ കഥാപാത്രത്തെക്കുറിച്ചും പരാമര്‍ശിക്കുന്നത്. രഘുനാഥ് പലേരി പറയുന്നു..

'ഞാനെന്തിന് ഇപ്പോള്‍ ജിജോയെക്കുറിച്ച് ഇത്രമാത്രം പറയുന്നു? കാരണമുണ്ട്. ജിജോ പുതിയൊരു ത്രിമാന സിനിമയുടെ തലതൊട്ടപ്പനായി മാറുകയാണ് ഇനിയുള്ള ദിവസങ്ങളില്‍. അത് സംവിധാനം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. ജിജോ സാങ്കേതിക കാര്യങ്ങള്‍ നോക്കി ഒപ്പം ഉണ്ടാവും. എനിക്ക് വളരെ സന്തോഷം തരുന്ന കാഴ്ച്ചയാണ് അത്. ജിജോയില്‍ നിന്നും ആ കഥ നേരത്തെ ഞാന്‍ കേട്ടതാണ്. ബറോസ്സ എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ. മനോഹരമാണ് ആ കഥ. മോഹന്‍ലാല്‍ ഭൂതമായി ആ ത്രിമാനത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കയാണ് ഞാന്‍. ഭൂതമായി മാത്രമല്ല, ജിജോ ഡൈമെന്‍ഷനിലൂടെ നടന വൈഭവമായ മോഹന്‍ലാല്‍ സംവിധായകനായും മാറുകയാണ്.'

ബറോസ്സിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാള്‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് കഥ.

Follow Us:
Download App:
  • android
  • ios