14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സിനിമയ്ക്ക് തിരക്കഥയൊരുക്കി പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി. കിസ്‍മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ ഒരുക്കിയ ഷാനവാസ് കെ ബാവക്കുട്ടിയാണ് സംവിധായകന്‍. 2006ല്‍ രാജസേനന്‍റെ സംവിധാനത്തിലെത്തിയ 'മധുചന്ദ്രലേഖ'യാണ് ഇതിനുമുന്‍പ് രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം. 'ഒരു കട്ടില്‍ ഒരു മുറി, ഒരു പെണ്ണും ഒരാണും' എന്നാണ് തിരക്കഥയ്ക്ക് ഇട്ടിട്ടുള്ള പേര്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമയുടെ കാര്യം അറിയിച്ചത്.

"ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചന്‍റെയും ദേവൂട്ടിയുടെയും ഓട്ടോറിക്ഷാ അച്ഛന്‍റെയും അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അച്ഛന്‍റെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്.  ഇതൊരു ദക്ഷിണ", രഘുനാഥ് പലേരി കുറിച്ചു. 

നേരത്തെ വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തൊട്ടപ്പനില്‍ അദ്രുമാന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ രഘുനാഥ് പലേരി അവിസ്മരണീയമാക്കിയിരുന്നു. പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട്, ദേവദൂതന്‍ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ പിറവിയെടുത്തവയാണ്. ഒന്നു മുതല്‍ പൂജ്യം വരെ, വിസ്‍മയം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.