Asianet News MalayalamAsianet News Malayalam

'30 സെക്കന്‍ഡ് കൊടുക്ക് അഭിലാഷേ എന്ന ഡയലോഗിന് നിയമ നടപടി'; അത് ഏപ്രില്‍ ഫൂള്‍ എന്ന് രാഹുല്‍ ഈശ്വര്‍

യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്‍തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍

rahul easwar to move legally against kunchacko boban
Author
Thiruvananthapuram, First Published Apr 1, 2021, 5:42 PM IST

കുഞ്ചാക്കോ ബോബന്‍ നായകനായ 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായ തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍. വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തല്‍, അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്‍തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

"ഏപ്രില്‍ ഫൂള്‍!!! മോഹന്‍ കുമാര്‍ ഫാന്‍സിന്‍റെ മുഴുവന്‍ ടീമിനും ആശംസകൾ നേരുന്നു. സംവിധായകൻ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബൻ, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവർക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റിൽ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനും എന്‍റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ്‌ എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്.  നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങൾ അറിയിക്കുന്നു", രാഹുല്‍ ഈശ്വര്‍ കുറിച്ചു.

തനിക്ക് സംസാരിക്കാന്‍ സമയം ചോദിച്ചുള്ള, പിന്നീട് വൈറല്‍ ആയിമാറിയ രാഹുല്‍ ഈശ്വറിന്‍റെ സംഭാഷണം അടങ്ങിയ ചാനല്‍ ചര്‍ച്ച 'മോഹന്‍കുമാര്‍ ഫാന്‍സി'ലെ ഒരു രംഗത്തില്‍ കടന്നുവരുന്നുണ്ട്. 'ഒരു 30 സെക്കന്‍ഡ് തരൂ അഭിലാഷേ' എന്ന രാഹുല്‍ ഈശ്വറിന്‍റെ പ്രതികരണത്തോട് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും അടക്കമുള്ള കഥാപാത്രങ്ങള്‍ പ്രതികരിക്കുന്നുമുണ്ട്. ഈ രംഗമടക്കം പങ്കുവച്ചുകൊണ്ടാണ് സിനിമയ്ക്കും അണിയറക്കാര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ അറിയിച്ചിരുന്നത്.

"ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കെതിരെ, സംവിധായകന്‍ ജിസ് ജോയ്,  ശ്രീ സൈജുകുറുപ്പ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി,  അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി  കേസെടുക്കണമെന്ന്  പോലീസിൽ പരാതി നൽകും.  ഇന്നു തന്നെ  നൽകും", എന്നായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ മുന്‍ പോസ്റ്റ്.

സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'മോഹന്‍കുമാര്‍ ഫാന്‍സി'ന്‍റെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ. കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്‍, അലന്‍സിയര്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാര്‍ച്ച് 19നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

Follow Us:
Download App:
  • android
  • ios