മുംബൈ: ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്‍റെ മരണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ആഗോള സിനിമ വേദിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ഇർഫാൻ ഖാനെന്ന് രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

“ഇർ‌ഫാൻ‌ ഖാന്റെ മരണത്തിൽ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള നടൻ, ആഗോള സിനിമ--ടിവി വേദിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു,“രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംവിധായകന്‍ ഷൂജിത് സര്‍ക്കാരാണ് ഇര്‍ഫാന്‍ ഖാന്‍റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.