150 കോടിയും പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ് തുടരും. 

മോഹൻലാൽ- പൃഥ്വിരാജ് കോമ്പോയിലെ എമ്പുരാൻ തിയറ്ററുകളിൽ ​ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്ന സമയം. മാർച്ച് 21ന് സംവിധായകൻ തരുൺ മൂർത്തി ഒരു പോസ്റ്റ് പങ്കുവച്ചു. മോഹൻലാലിന്റെ തുടരും സിനിമയുടെ പോസ്റ്ററും ചെറു ക്യാപ്ഷനും ആയിരുന്നു അത്. 'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്', എന്നാണ് തരുൺ കുറിച്ചത്. ഒപ്പം എമ്പുരാന്റേയും തുടരുവിന്റെയും പോസ്റ്ററും അദ്ദേഹം പങ്കുവച്ചിരുന്നു. 

കൗതുകം കാരണം പോസ്റ്റ് ഞൊടിയിട കൊണ്ടായിരുന്നു അന്ന് വൈറലായത്. നിരവധി പേരുടെ കമന്റുകൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റും എത്തി. 'സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും', എന്നായിരുന്നു രാഹുലിന്റെ കമന്റ്. ഒടുവിൽ ഏപ്രിൽ 25ന് തുടരും തിയറ്ററുകളിൽ എത്തുകയും മലയാളം കണ്ട മറ്റൊരു വലിയ വിജയമായി മാറുകയുമായിരുന്നു. ഒരുപക്ഷേ എമ്പുരാനോളം തുടരുവിനെ മലയാളികൾ ഏറ്റെടുത്തു. സിനിമ വൻ ഹിറ്റായതിന് പിന്നാലെ റിവ്യുവുമായി രാഹുൽ മാങ്കൂട്ടത്തിലും രം​ഗത്ത് എത്തിയിരുന്നു. 

താൻ തരുൺ മൂർത്തിയുടെ പോസ്റ്റിന് നൽകിയ കമന്റ് സൂചിപ്പിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ റിവ്യു. ഹെലികോപ്റ്ററിന് ഒപ്പമല്ല, തുടരും ഓവർടേക്ക് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, പ്രകാശ് വർമ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണെന്നും സാധാരണ പടമെന്ന് പറഞ്ഞ് നമുക്ക് മുന്നിൽ അഭിനയിച്ച് ഒരു അസാധാരമായ സിനിമയാണ് തരുൺ സമ്മാനിച്ചതെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. രാഹുലിന്റെ പ്രവചനം സത്യമായെന്നും നാവ് പൊന്നായെന്നും ചിലർ കമന്റുകളായ് രേഖപ്പെടുത്തുന്നുണ്ട്. 

മാർച്ചും ഏപ്രിലും കഴിഞ്ഞു, എന്നിട്ടും എത്തിയില്ല; ആ മമ്മൂട്ടി പടം എന്ന് ഒടിടിയിൽ ?

അതേസമയം, ബോക്സ് ഓഫീസിൽ വൻ തേരോട്ടം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് മോഹൻലാൽ. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ തന്നെ 100 കോടി ക്ലബ്ബിലെത്തിയ ചിത്രം 150 കോടിയും പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. കേരളത്തിൽ മാത്രം 100 കോടി കളക്ഷൻ ചിത്രം നേടുമോന്ന് ഉറ്റുനോക്കുന്നവരും ധാരാളമാണ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..