'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ ടിക്കറ്റിന് ഒന്നിന് 2100 രൂപ വരെ ഈടാക്കുന്നു (RRR).
രാജമൗലിയുടെ പുതിയ ചിത്രം 'ആര്‍ആര്‍ആറി'നായുള്ള കാത്തിരിപ്പിലായിരുന്നു കുറേ നാളുകളായി ആരാധകര്‍. നാളെ രാജമൗലി ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. കൊവിഡ് മഹാമാരി കാരണം പല തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. പ്രതിസന്ധികള്‍ മാറി ചിത്രം തിയറ്ററുകളില്‍ എത്തുമ്പോള്‍ റെക്കോര്‍ഡ് നിരക്കിനാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് (RRR).
'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 2100 രൂപ വരെ ഈടാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‍സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഗുരാഗണിലെ ആംബിയൻസ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവടങ്ങളിലും വലിയ തുകയാണ് ആര്‍ആര്‍ആര്‍ ടിക്കറ്റിന്. തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയറ്ററുകളില്‍ ഏതാണ്ട് ബുക്കിംഗ് അവസാനിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.
രാജമൗലിയുടെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് എത്തുക. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ 'ആര്‍ആര്‍ആറി'ല്‍ അഭിനയിക്കുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
രണ്ട് പ്രദേശത്ത് ജീവിച്ചിരുന്നവരെ കുറിച്ച് എങ്ങനെയാണ് 'ആര്‍ആര്‍ആറി'ല്‍ പറയുന്നതെന്ന് രാജമൗലി ഏഷ്യാനെറ്റ് ന്യൂസിന് നില്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സാങ്കല്‍പ്പികം മാത്രമാണ് കഥ. ബയോപികല്ല. രണ്ട് സ്വാതന്ത്ര്യസമര സേനാനികളെ മാത്രമാണ് ചരിത്രത്തില്‍ നിന്ന് എടുത്തിട്ടുളളത്. രസകമായ ചില യാദൃശ്ചിതകള്‍ അവരുടെ ജീവിതത്തിലുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടമുണ്ട്. അതാണ് താൻ തന്റെ സിനിമയ്‍ക്കായി എടുത്തതെന്നും രാജമൗലി പറഞ്ഞു.
'ആര്‍ആര്‍ആര്‍' എന്ന സിനിമയുടെ കേരള പ്രീ-ലോഞ്ച് നേരത്തെ വിപുലമായി സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിനിമയുടെ പ്രീ- ലോഞ്ചില്‍ ടൊവീനോ ആയിരുന്നു മുഖ്യാതിഥി. സംവിധായകന്‍ എസ് എസ് രാജമൗലിയും 'ആര്‍ആര്‍ആറി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയര്‍ എന്‍ടിആറും ഹൃദ്യമായാണ് ടൊവീനോയോട് പരിപാടിയില്‍ പങ്കെടുത്തതിനുള്ള നന്ദി അറിയിച്ചത്. നമുക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ എപ്പോഴാണ്ഉണ്ടാവുകയെന്ന് പലരും അന്വേഷിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ടൊവീനോയില്‍ നിന്ന് അത് സംഭവിച്ചിരിക്കുന്നുവെന്നും രാജമൗലി പറഞ്ഞു കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള തന്‍റെ 'ധീര', 'ഈച്ച', 'ബാഹുബലി 1', 'ബാഹുബലി 2' തുടങ്ങിയ ചിത്രങ്ങള്‍ക്കൊക്കെയും കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും 'ആര്‍ആര്‍ആറി'നും മലയാളികളുടെ സ്‍നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി പറഞ്ഞിരുന്നു.
Read More : 'ഏറ്റുക ചെണ്ട', ഇതാ 'ആര്‍ആര്‍ആര്‍' ഗാനം പുറത്തുവിട്ടു
ടൊവി സാര്‍' എന്നു വിളിച്ചാണ് വേദിയില്‍ രാം ചരണ്‍ ടൊവീനോയ്ക്ക് നന്ദി അറിയിച്ചത്. തന്റെ ആദ്യത്തെ ഒരു വിജയ ചിത്രമായ, രാജമൗലിയുടെ സംവിധാനത്തിലെത്തിയ 'സിംഹാദ്രി' തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നു പറഞ്ഞാണ് ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയത്. എത്ര ഗംഭീര നടനാണ് ടൊവീനോ. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, ടൊവീനൊ തുടങ്ങി ഗംഭീര നടന്മാരെ സൃഷ്‍ടിച്ച നാടാണ് കേരളം. 'മിന്നല്‍ മുരളി'യുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞിരുന്നു.
'ആര്‍ആര്‍ആര്‍' താന്‍ ആദ്യദിനം തിയറ്ററില്‍ കാണുമെന്ന് ടൊവീനോ പറഞ്ഞിരുന്നു. 'ആര്‍ആര്‍ആറി'ന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ വന്നതു മുതല്‍ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. മറ്റിടങ്ങളിലേതുപോലെ കേരളത്തിലും വലിയ ഹിറ്റ് ആയിരുന്നു 'ബാഹുബലി'. 'ആര്‍ആര്‍ആര്‍' അതിലും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ചിത്രം തിയറ്ററില്‍ ഇറങ്ങുമ്പോള്‍ ആദ്യദിവസം പോയി കാണുന്നവരില്‍ ഒരാള്‍ താനായിരിക്കുമെന്നും ടൊവിനൊ പറഞ്ഞിരുന്നു.
ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ' ആര്‍ആര്‍ആര്‍' റിലീസിനെ തുടര്‍ന്ന് മാറ്റിയിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കൊരടാല ശിവ സംവിധാനം ചെയ്യുന്ന 'ആചാര്യ'. കൊരടാല ശിവയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 'ആര്‍ആര്‍ആര്‍' ചിത്രം റിലീസ് മാര്‍ച്ച് 25ന് റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 'ആചാര്യ' പിൻമാറിയിരുന്നു.
പരസ്‍പര ധാരണയോടെയാണ് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. 'ആര്‍ആര്‍ആര്‍ 'എന്ന ചിത്രം മാര്‍ച്ച് 25ന് എത്തുന്നതിനാല്‍ ഏപ്രില്‍ 19ലേക്ക് 'ആചാര്യ'യുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ് .'ആചാര്യ' എന്ന ചിത്രം നിര്‍മിക്കുന്നത് നിരഞ്‍ജൻ റെഡ്ഡിയും അൻവേഷ് റെഡ്ഡിയും ചേര്‍ന്നാണ്. കൊനിദെല പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രത്തിന്റെ ബാനര്‍. മണിശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവീൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. നായകനായ ചിരഞ്‍ജീവിയുടെ മകൻ രാം ചരണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‍ഡെ എന്നിവരാണ് 'ആചാര്യ'യില്‍ നായികമാര്‍. തിരു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാമൂഹ്യപ്രവര്‍ത്തകനായി മാറിയ ഒരു നക്സലിന്റെ കഥയാണ് 'ആചാര്യ' പറയുന്നത്.
