കൊച്ചി: കമ്മട്ടിപാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. 

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച നിമിഷ സജയന്‍, ബിജുമേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് തുറമുഖത്തിലെ മറ്റ് താരങ്ങൾ. ഒരു ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് തുറമുഖത്തിലൂടെ. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന് വേണ്ടി സുകുമാര്‍ തെക്കേപ്പാട്ട് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗോപന്‍ ചിദംബരത്തിന്റെതാണ് കഥ.    ‌

ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ ആണ് നിവിനിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിവിനെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്‍' എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകൻ.