സംവിധായകനായുള്ള അരങ്ങേറ്റത്തിന്‍റെ ഒരുക്കത്തിലുമാണ് രാജേഷ് മാധവന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ചേര്‍ന്ന് പുറത്തിറക്കിയ ഒരു വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേര്‍ന്ന ഒരു സേവ് ദി ഡേറ്റ് വീഡ‍ിയോ ആയിരുന്നു അത്. സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇതൊരു യഥാര്‍ഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്നും പ്രചരണമുണ്ടായി. 

ന്നാ താന്‍ കേസ് കൊട് എന്ന രതീഷ് ബാലകൃഷ്ണന്‍‍ പൊതുവാള്‍ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളാണ് രാജേഷ് മാധവനും ചിത്ര നായരും. സുരേശന്‍ കാവുംതാഴെ, സുമലത എസ് നായര്‍ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങള്‍. ഇരുവരും പ്രണയികളായിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ സേവ് ദി ഡേറ്റ് വീഡിയോയ്ക്ക് പിന്നാലെ ഒരു വിവാഹ ക്ഷണക്കത്തും പുറത്തെത്തിയിരിക്കുകയാണ്. രാജേഷ് മാധവന്‍റെയും ചിത്ര നായരുടെയും പേരല്ല മറിച്ച് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളാണ് വിവാഹ ക്ഷണക്കത്തില്‍. മെയ് 29 ന് പയ്യന്നൂര്‍ കോളെജിലാണ് വിവാഹമെന്നാണ് കത്തില്‍ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിന്‍റെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാവും ഇതിന്‍റെയും സംവിധാനമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണം ആയിട്ടില്ല. 

അതേസമയം സംവിധായകനായുള്ള അരങ്ങേറ്റത്തിന്‍റെ ഒരുക്കത്തിലുമാണ് രാജേഷ് മാധവന്‍. പെണ്ണും പൊറാട്ടും എന്നാണ് ചിത്രത്തിന്‍റെ പേര്. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.

ALSO READ : അഖില്‍, ജുനൈസ്, നാദിറ; പൊട്ടിച്ചിരിപ്പിച്ച് മഹേഷിന്‍റെ ബിഗ് ബോസ് മിമിക്രി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi