'അത്തരം കഥാപാത്രങ്ങൾ ആവർത്തിച്ചപ്പോൾ പെൺകോന്തൻ എന്ന ടാഗും വന്നു'- രാജേഷ് റോഷൻ വെളിപ്പെടുത്തുന്നു.
ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രാജീവ് റോഷന്റേത്. ബിസിനസുകാരനായ റോഷൻ അവിചാരിതമായാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. പാവം പിടിച്ച ഭർത്താവ് ഇമേജ് ആണ് കുടുംബപ്രേക്ഷകർക്കിടയിൽ രാജീവിന്. ഇതേക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാജീവ് ഇപ്പോൾ.

''അഭിനയം എന്റെ ഏഴയലത്തുകൂടി പോലും പോയിട്ടില്ലായിരുന്നു. പോരാത്തതിന് ചമ്മലും. സീരിയലിന് മുമ്പ് ബിസിനസായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അവസരം വന്നപ്പോൾ മടിച്ചു. സുഹൃത്താണ് എന്നെ നിർബന്ധിച്ച് ലൊക്കേഷനിലേക്ക് കൊണ്ടുപോയത്. മേക്കപ്പിട്ട് ഡയലോഗും കാണാതെ പഠിച്ചു. ആക്ഷൻ പറഞ്ഞപ്പോൾ തെറ്റാതെ ഡയലോഗെല്ലാം പറഞ്ഞു. പക്ഷേ എല്ലാവരും ചിരിയായിരുന്നു. കാരണം ഞാൻ ഫ്രെയിമിലുണ്ടായിരുന്നില്ല. ടൈറ്റ് ഫ്രെയിമാണെന്നത് ഞാൻ മറന്നിരുന്നു. നിരവധി ടേക്കുകൾക്ക് ശേഷമാണ് ആദ്യ സീൻ ഓക്കെയായത്.
പോസിറ്റീവ് റോളുകൾ ചെയ്ത് തുടങ്ങിയശേഷം പാവം പിടിച്ച ഭർത്താവ് എന്ന ടാഗ് ലൈൻ എനിക്ക് വന്നു. അതുകൊണ്ട് അത്തരം റോളുകളിലേക്ക് മാത്രം അവസരം വന്ന് തുടങ്ങി. അത്തരം കഥാപാത്രങ്ങൾ ആവർത്തിച്ചപ്പോൾ പെൺകോന്തൻ എന്ന ടാഗും വന്നു. ഈ കഥാപാത്രങ്ങൾ ബോൾഡാകും. പക്ഷേ, ഒരുപാട് എപ്പിസോഡുകൾ കഴിയണം. അപ്പോഴേക്കും ജനങ്ങളുടെ മനസിൽ എന്റെ കഥാപാത്രത്തിന് പെൺകോന്തൻ ഇമേജ് വരും. അതെന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കി. അതോടെ, അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു.
സെലക്ടീവായാൽ അവസരവും കുറയും. സീരിയൽ മാത്രമായി നിന്നാൽ വളർച്ചയുണ്ടാവില്ല. കാര്യമായി സമ്പാദിക്കാനും കഴിയില്ല. അങ്ങനെയാണ് ദുബായിലേക്ക് പോയതും അവിടെ ബിസിനസ് ആരംഭിച്ചതും. അവിടെ റസ്റ്റോറന്റ് ബിസിനസ് തുടങ്ങി. അതിനിടെ വിവാഹം കഴിഞ്ഞിരുന്നു. ബിസിനസ് ഡള്ളായപ്പോൾ തിരികെ നാട്ടിലേക്ക് വന്നു'', മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ രാജീവ് റോഷൻ പറഞ്ഞു.
