റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും ഒപ്പം
രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തിയ ജയിലര്‍. യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തിലെത്തിയ ചിത്രം വന്‍ വിജയം നേടാനുള്ള ഒരു കാരണം അതിലെ കാസ്റ്റിംഗ് ആയിരുന്നു. അതിഥിവേഷങ്ങളില്‍ അതത് ഭാഷകളിലെ ജനപ്രിയ താരങ്ങള്‍ എത്തിയ ചിത്രത്തിലെ പ്രതിനായകനായി വിനായകനും ഗംഭീര പ്രകടനമാണ് നടത്തിയത്. മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമായിരുന്നു അതിഥിതാരങ്ങള്‍. ജയിലറിന് ശേഷം രജനി നായകനാവുന്ന പുതിയ ചിത്രത്തിലും വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ട്.
റിതിക സിംഗിനും ദുഷറ വിജയനുമൊപ്പം റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കമുള്ളവരാണ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയമാവുന്ന ഈ കാസ്റ്റിംഗിലെ കൌതുകങ്ങളിലൊന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന രജനി- ബച്ചന്‍ കോമ്പിനേഷന്‍ ആണ്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്.
മുകുള്‍ എസ് അനന്ദിന്‍റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. 32 വര്‍ഷം മുന്‍പുള്ള കണക്കാണ് ഇതെന്ന് ഓര്‍ക്കണം. സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാജന്‍ മാത്രമാണ് ആ വര്‍ഷത്തെ കളക്ഷനില്‍ ഹം എന്ന ചിത്രത്തേക്കാള്‍ മുന്നിലെത്തിയത്. 18 കോടിയോളമാണ് ഈ ചിത്രം നേടിയിരുന്നത്.
അതേസമയം തലൈവര്‍ 170 ല്‍ അമിതാഭ് ബച്ചന്‍ അതിഥിതാരമാണോ എന്നത് വ്യക്തമല്ല. ജയിലറിന് സംഗീതമൊരുക്കിയ അനിരുദ്ധ് തന്നെയാണ് പുതിയ ചിത്രത്തിലും സംഗീത സംവിധായകന്‍. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.
