Maanaadu : ചിമ്പുവിനെ ഫോണില്‍ വിളിച്ച് രജനി; 'മാനാടി'ന് അഭിനന്ദനം
ചിമ്പുവിന്‍റെ തിരിച്ചുവരവ് ചിത്രമെന്ന് നിരൂപകര്‍

വെങ്കട് പ്രഭുവും (Venkat Prabhu) ചിമ്പുവും (Silambarasan TR) ആദ്യമായി ഒരുമിച്ച ചിത്രമാണ് മാനാട് (Maanaadu). സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ചിലമ്പരശന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് റിലീസ് ദിനം മുതല്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ഓപണിംഗ് ഡേ കളക്ഷനും ലഭിച്ച ചിത്രത്തിന് പ്രശംസയുമായി എത്തുന്നവരില്‍ പ്രേക്ഷകര്‍ക്കൊപ്പം തമിഴ് സിനിമയിലെ വന്‍ പേരുകാരുമുണ്ട്. ചിത്രം കണ്ട് അണിയറപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചവരില്‍ ഒരാള്‍ സാക്ഷാല്‍ രജനീകാന്ത് (Rajinikanth) ആണ്.
സംവിധായകന്‍ വെങ്കട് പ്രഭുവിനെയും നായകനെയും വില്ലനെയും അവതരിപ്പിച്ച ചിമ്പുവിനെയും എസ് ജെ സൂര്യയെയും രജനി ഫോണില്‍ വിളിച്ച് തന്‍റെ അഭിനന്ദനം അറിയിച്ചു. വെങ്കട് പ്രഭുവും എസ് ജെ സൂര്യയും ഈ സന്തോഷം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചു. "എന്‍റെ അഭിനയത്തിനു കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് എനിക്ക് ഇന്ന് ലഭിച്ചു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സാറിന്‍റെ ഒരു കോള്‍ ആയിരുന്നു അത്. താങ്കള്‍ എന്‍റെ ഒരു പതിറ്റാണ്ടിനെ മനോഹരമാക്കി സര്‍. ഈ യാത്രയെ അഭിമുഖീകരിക്കാനുള്ള ബലം താങ്കളുടെ ദയാപൂര്‍വ്വമായ ഈ അഭിനന്ദനം എനിക്കു നല്‍കി സര്‍", എസ് ജെ സൂര്യ ട്വീറ്റ് ചെയ്‍തു. ശിവകാര്‍ത്തികേയനും ഹരീഷ് കല്യാണും അടക്കമുള്ള നിരവധി താരങ്ങള്‍ ട്വിറ്ററിലൂടെ ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്.
ഒരു പൊലീസ് ഓഫീസര്‍ ആണ് ചിത്രത്തില്‍ എസ് ജെ സൂര്യ അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രം. ഡിസിപി ധനുഷ്‍കോടി എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. അബ്‍ദുള്‍ ഖാലിഖ് എന്നാണ് ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യദിനം മാത്രം ചിത്രം 8.5 കോടി നേടിയെന്നാണ് കണക്ക്. ചിമ്പുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനാണ് ഇത്.