രജനികാന്തിനെ നായകനാക്കി, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദര്‍ബാര്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ചിത്രീകരണം വളരെ വേഗത്തില്‍ സംവിധായകൻ പൂര്‍ത്തീകരിക്കുകയാണ്. മുംബയിലെ ചിത്രത്തിന്റെ ആദ്യ  ഷെഡ്യൂളിലെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചതാണ് പുതിയ വാര്‍ത്ത.  രജനികാന്ത് ചൈന്നെയിലേക്ക് മടങ്ങി. അടുത്ത മാസമായിരിക്കും മുംബൈയിലെ അടുത്തഘട്ടം ഷൂട്ടിംഗ് ആരംഭിക്കുക.

മുംബൈയിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നഗരത്തില്‍ തന്നെയാകും ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടിംഗ്.  ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.