ട്രെയ്‌ലറിന്റെ അവസാനഭാഗത്ത് ഇതേതാണ് വര്‍ഷമെന്ന് അടുത്തുനില്‍ക്കുന്ന യോഗി ബാബുവിന്റെ കഥാപാത്രത്തോട് നായകന്‍ ചോദിക്കുന്നു. 2016 എന്നാണ് യോഗി ബാബുവിന്റെ മറുപടി. നായകന്റെ സംശയം മാറ്റാനായി മുറിയിലുള്ള ടെലിവിഷന്‍ ഓണാക്കുകയാണ് യോഗി ബാബു. അതില്‍ രജനീകാന്തിന്റെ പ്രസംഗമാണ് നടക്കുന്നത്. 

പ്രദീപ് രംഗനാഥന്റെ സംവിധാനത്തില്‍ ജയം രവി നായകനാവുന്ന 'കോമാളി'യുടെ ഇന്നലെ റിലീസ് ചെയ്യപ്പെട്ട ട്രെയ്‌ലര്‍ വലിയ പ്രതികരണമാണ് യുട്യൂബില്‍ സൃഷ്ടിച്ചത്. ഇതിനകം 25 ലക്ഷത്തിലേറെ കാഴ്ചകളാണ് ട്രെയ്‌ലറിന് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. 16 വര്‍ഷം 'കോമ' അവസ്ഥയില്‍ കഴിഞ്ഞ വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ സംഭവിക്കുന്ന രസങ്ങളാണ് സിനിമയുടെ യുഎസ്പി. ഇത് വ്യക്തമാക്കുന്ന ഒന്നായിരുന്നു രസകരമായ ട്രെയ്‌ലറും. എന്നാല്‍ ഒരു വിഭാഗം കാണികള്‍ ട്രെയ്‌ലറിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. രജനീകാന്ത് ആരാധകരാണ് 'കോമാളി'യുടെ ട്രെയ്‌ലറിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. #BoycottComali എന്ന ഹാഷ് ടാഗുമായാണ് രജനി ആരാധകര്‍ ട്വിറ്ററില്‍ സംഘടിതമായി എത്തിയത്.

രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന്റെ അവസാനഭാഗമാണ് രജനീകാന്ത് ആരാധകരെ ചൊടിപ്പിച്ചത്. 16 വര്‍ഷത്തെ 'ഇടവേള'യ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന്‍ (ജയം രവി) ജീവിതപരിസരങ്ങളില്‍ വന്ന മാറ്റങ്ങളിലെല്ലാം അത്ഭുതം കൂറുന്നുണ്ട്. ട്രെയ്‌ലറിന്റെ അവസാനഭാഗത്ത് ഇതേതാണ് വര്‍ഷമെന്ന് അടുത്തുനില്‍ക്കുന്ന യോഗി ബാബുവിന്റെ കഥാപാത്രത്തോട് നായകന്‍ ചോദിക്കുന്നു. 2016 എന്നാണ് യോഗി ബാബുവിന്റെ മറുപടി. നായകന്റെ സംശയം മാറ്റാനായി മുറിയിലുള്ള ടെലിവിഷന്‍ ഓണാക്കുകയാണ് യോഗി ബാബു. അതില്‍ രജനീകാന്തിന്റെ പ്രസംഗമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ പ്രവേശം ഉറപ്പാണെന്നാണ് രജനീകാന്ത് ചാനല്‍ ദൃശ്യത്തില്‍ പറയുന്നത്. എന്നാല്‍ ഈ ദൃശ്യം കാണുന്ന ജയം രവി വീണ്ടും യോഗി ബാബുവിന് നേരെ തിരിയുകയാണ്. 'ഇത് 96 ആണെന്നും ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും' നായകന്‍ തുടര്‍ന്ന് ചോദിക്കുന്നു.

Scroll to load tweet…
Scroll to load tweet…

1996ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയലളിതയ്‌ക്കെതിരേ രജനി നടത്തിയ ഒരു പരാമര്‍ശം വലിയ വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. 'ഒരിക്കല്‍ക്കൂടി ജയലളിത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെ'ന്നായിരുന്നു അന്ന് രജനിയുടെ പ്രസ്താവന. ആ പ്രസ്താവനയാണ് 'കോമാളി'യിലെ നായകന്‍ പുതിയ പ്രസംഗം കാണുമ്പോഴും ഓര്‍ക്കുന്നത്.

Scroll to load tweet…
Scroll to load tweet…

ഈ തമാശ നിലവാരമില്ലാത്തതാണെന്നുംരംഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമൊക്കെ ട്വിറ്ററില്‍ ആവശ്യം ഉയര്‍ത്തുന്നുണ്ട് രജനീകാന്ത് ആരാധകര്‍. അണിയറക്കാരുടെ പ്രചാരവേലയാണ് ഇത്തരമൊരു രംഗമെന്നും ആരോപിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്. എന്നാല്‍ 'കോമാളി'യുടെ അണിയറപ്രവര്‍ത്തകരുടെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.