ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ 70-ാം പിറന്നാളാണ് ഇന്ന്. 70-ാമത്തെ പിറന്നാള്‍ എന്നതിനൊപ്പം രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ഉറപ്പ് ലഭിച്ചതിനു ശേഷമെത്തുന്ന ആദ്യത്തെ ജന്മദിനം എന്നതും ആരാധകരെ ആഹ്ളാദത്തിലാക്കുന്ന കാര്യമാണ്. ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളോടെയാണ് പ്രിയതാരത്തിന്‍റെ 70-ാം പിറന്നാള്‍ ആഘോഷത്തിന് ആരാധകര്‍ ഇന്ന് തുടക്കം കുറിച്ചത്.

ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍റത്തിന്‍റെ ഭാരവാഹികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ 108 പശുക്കള്‍ക്ക് ഗോപൂജയും മൃത്യുഞ്ജയ ഹോമവും ഉള്‍പ്പെടെയുള്ളവ നടന്നു. രജനീകാന്തിന്‍റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടി ഷര്‍ട്ടുകള്‍ ധരിച്ചാണ് ആരാധകരില്‍ പലരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്. രാഷ്ട്രീയത്തിലേക്ക് കടക്കാനിരിക്കുന്ന പ്രിയതാരത്തിന്‍റെ ആയുരാരോഗ്യത്തിനായാണ് ചടങ്ങുകള്‍ എന്നാണ് ആരാധകരുടെ പക്ഷം. 

അതേസമയം ഡിസംബര്‍ 31ന് തന്നെ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ തീയ്യതി അറിയിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ജനുവരിയോടെ സജീവമായി രാഷ്ട്രീയ രംഗത്തിറങ്ങാനാണ് താരത്തിന്‍റെ തീരുമാനം. അതേസമയം മുന്‍ ആർഎസ്എസ് നേതാക്കളെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതിൽ രജനി മക്കൾ മൺറത്തിനുള്ളിൽ എതിർപ്പ് ശക്തമായിരിക്കുകയാണ്. ഭാരവാഹികള്‍ തന്നെ അതൃപ്തി അറിയിച്ച് രംഗത്തെത്തി. തര്‍ക്കം പരിഹരിക്കാന്‍ രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം ചേര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് പ്രചാരണത്തിന് തന്‍റെ ചിത്രം മാത്രം പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് രജനീകാന്ത് നിര്‍ദേശിച്ചു. രാഷ്ട്രീയ പ്രവേശനം കാതോര്‍ത്ത് വര്‍ഷങ്ങളായി ആരാധക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കിയെന്നാണ് പരാതി. ആര്‍എസ്എസ് സൈദ്ധാന്തികന്‍ അര്‍ജുന മൂര്‍ത്തി, ഗുരുമൂര്‍ത്തി സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള തമിഴരുവി മണിയൻ എന്നിവരെ ഉള്‍പ്പടെയാണ് നേതൃസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.