രജനികാന്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രീകരണത്തില്‍ പങ്കെടുക്കാൻ എത്തിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. രജനികാന്തിന്റെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. രജനികാന്ത് അണ്ണാത്തെയില്‍ വീണ്ടും അഭിനയിച്ചുതുടങ്ങിയ കാര്യം മകള്‍ ഐശ്വര്യ ആണ് അറിയിച്ചത്.

രജനികാന്തിന് ഒപ്പമുള്ള ഫോട്ടോയും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും മാസ്‍ക് ധരിച്ചതായി കാണാം. അണ്ണാത്തെയുടെ ചിത്രീകരണം ആരംഭിക്കുന്നതിനെ കുറിച്ച് സംവിധായകൻ സിരുത്തൈ ശിവ തന്നെ നേരത്തെ അറിയിച്ചിരുന്നു. രജനികാന്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നപ്പോള്‍ വീഡിയോ സന്ദേശമായാണ് സിരുത്തൈ ശിവ ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാരണമാണ് ചിത്രീകരണം മുടങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഖുശ്‍ബു, കീര്‍ത്തി സുരേഷ്, മീന തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

റാമോജി റാവു ഫിലിം സിറ്റിയിലാണ് അണ്ണാത്തെയുടെ ചിത്രീകരണം നടക്കുക.