ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം

ബോക്സ് ഓഫീസ് കണക്കുകളാണ് ഇന്ന് സിനിമകളുടെ ഏറ്റവും വലിയ പരസ്യങ്ങളിലൊന്ന്. ഏറ്റവും കൂടുതല്‍ കോടി ക്ലബ്ബുകളുള്ളത് തങ്ങളുടെ പ്രിയതാരത്തിനാണെന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റുകള്‍ സ്ഥിരം ഉണ്ടാവാറുണ്ട്. സിനിമകളുടെ കളക്ഷന്‍ പോലെതന്നെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട് പലപ്പോഴും താരങ്ങളുടെ പ്രതിഫല കണക്കുകളും. വിവിധ ഭാഷകളില്‍ സമീപകാലത്തുണ്ടായ വിജയചിത്രങ്ങളിലെല്ലാം നായക നടന്മാര്‍ വാങ്ങിയ പ്രതിഫലം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന ഒരു പ്രധാന ചിത്രത്തിലെ നായകതാരത്തിന്‍റെ പ്രതിഫലം വാര്‍ത്താപ്രാധാന്യം നേടുകയാണ്.

മറ്റാരുമല്ല, രജനികാന്തിന്‍റെ വരാനിരിക്കുന്ന ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ നിറയുന്നത്. ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയാവുന്നത്. 250 കോടിയിലേറെയാണ് ചിത്രത്തില്‍ രജനി വാങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു! ഇത് ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയിലെന്നല്ല ഏഷ്യയില്‍ തന്നെ ഒരു ചലച്ചിത്രതാരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.

അവസാന ചിത്രം ജയിലറിലെ അഭിനയത്തിന് രജനികാന്തിന് ലഭിച്ചത് 110 കോടി ആയിരുന്നു. എന്നാല്‍ ചിത്രം നേടിയ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് രജനിക്ക് സമ്മാനിച്ച ചെക്ക് 100 കോടിയുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോകേഷിന്‍റെ ഏറ്റവും പുതിയ ചിത്രം ലിയോയില്‍ വിജയ് വാങ്ങിയ പ്രതിഫലം 120 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ഇന്ത്യന്‍ സിനിമയുടെ ബിസിനസ് വളരുന്നതനുസരിച്ച് താരങ്ങള്‍ പല രീതിയിലാണ് പ്രതിഫലം ഈടാക്കുന്നത്. ഉദാഹരണത്തിന് പഠാന്‍ റിലീസിന് മുന്‍പ് ഷാരൂഖ് ഖാന്‍ ഒരു രൂപ പോലും വാങ്ങിയിരുന്നില്ല. പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ആയിരുന്നു കിംഗ് ഖാനും നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസും തമ്മില്‍ ഉണ്ടായിരുന്നത്. കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം തലൈവര്‍ 171 ന്‍റെ ഒരു ഭാഗത്തെ വിതരണാവകാശം നല്‍കാമെന്ന് നിര്‍മ്മാതാവ് വാഗ്‍ദാനം ചെയ്തെങ്കിലും മുഴുവനും പറമായി മതിയെന്ന് രജനി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ : 'അവരല്ല കാരണം'; 45 കോടി ബജറ്റും 38,000 കളക്ഷനും! 'ലേഡി കില്ലറി'ന്‍റെ പരാജയകാരണം വെളിപ്പെടുത്തി സംവിധായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക