എഴുപതാം പിറന്നാള്‍ ആഘോഷത്തിന്‍റെ തിരക്കുകളിലായിരുന്നു ഇന്നലെ രജനീകാന്ത്. ദീര്‍ഘകാലമായി പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രവേശനത്തിന് അദ്ദേഹത്തിന്‍റെ ഉറപ്പ് ലഭിച്ചതിന് ശേഷമെത്തുന്ന പിറന്നാള്‍ ആയിരുന്നതിനാല്‍ ആരാധക സംഘടനകള്‍ ഒട്ടേറെ ആഘോഷ പരിപാടികളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാളിന് തൊട്ടുപിറ്റേദിവസം തന്‍റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ അവശേഷിക്കുന്ന ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദിന് പുറപ്പെട്ടിരിക്കുകയാണ് രജനി.

 

സ്പൈസ് ജെറ്റിന്‍റെ വിമാനത്തിലേക്ക് രജനി കയറാന്‍ ഒരുങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘനാളായി നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം 15ന് ആരംഭിക്കുമെന്ന് രജനീകാന്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ സംവിധായകന്‍ സിരുത്തൈ ശിവ ഇന്നലെ പറഞ്ഞിരുന്നു. 

 

ഒരു വര്‍ഷം മുന്‍പ്, 2019 ഡസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. വേനല്‍ക്കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. പക്ഷേ അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി പദ്ധതികളെ തകിടം മറിച്ചു. അടുത്ത വര്‍ഷാദ്യമെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ ഇപ്പോഴത്തെ ശ്രമം. ഖുശ്ബു, നയന്‍താര, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിവര്‍ രജനീകാന്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. രജനിക്കൊപ്പം നയന്‍താരയും കീര്‍ത്തി സുരേഷും പങ്കെടുക്കുന്ന ചില രംഗങ്ങള്‍ വരുംദിവസങ്ങളില്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കും. രജനീകാന്തിന്‍റെ ചില ആക്ഷന്‍ രംഗങ്ങളും അവിടെ ചിത്രീകരിക്കേണ്ടതുണ്ട്.