ചെന്നൈ: തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും സൂപ്പർസ്റ്റാർ രജനീകാന്ത്. മാറ്റങ്ങൾക്ക് സമയമായിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ആരാധകരടക്കമുള്ള ഒരു വലിയ വിഭാഗത്തിന്റെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്. 

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകർ സന്തോഷം പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് കളംമൊരുങ്ങിയതോടെ തമിഴ്നാട്ടില്‍ വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയം ചുവടുറപ്പിക്കുകയാണ്. പതിന്നാല് വര്‍ഷം നീണ്ട രാഷ്ട്രീയ സസ്പെന്‍സിനൊടുവിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് കടക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ താരത്തെ വിട്ടൊഴിഞ്ഞിട്ടില്ല. 

ശക്തമായ ആരാധക പിന്‍ബലം വോട്ടായി മാറുമെന്നും ജയലളതിയുടെയും കരുണാനിധിയുടേയും രാഷ്ട്രീയ വിടവ് നികത്തുമെന്നും എംജിആറിന്‍റെ രാഷ്ട്രീയ പാത പിന്തുടരുമെന്നുമാണ് ആരാധകരും കണക്കുകൂട്ടുന്നത്. രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തത ഇല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ കൂടിയാണ് സൂപ്പര്‍സ്റ്റാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ആത്മീയ രാഷ്ട്രീയമെന്ന, ദ്രാവിഡര്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത ആശയം തമിഴ്നാട്ടിൽ പച്ച പിടിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.