കണ്ണപ്പ കണ്ട ശേഷം അഭിപ്രായം പറഞ്ഞ് രജനികാന്ത്.

തെലുങ്കില്‍ നിന്നുള്ള ഒരു ഇതിഹാസ ചിത്രമാണ് കണ്ണപ്പ. വിഷ്‍ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. മലയാളത്തില്‍ നിന്ന് മോഹൻലാലുമെത്തുമ്പോള്‍ തെലുങ്ക് താരം പ്രഭാസും നിര്‍ണായക വേഷത്തില്‍ ഉണ്ടാകും. കണ്ണപ്പ രജനികാന്ത് കണ്ട് മികച്ച അഭിപ്രായം പറഞ്ഞു എന്നത് ചിത്രത്തെ ചര്‍ച്ചകളില്‍ നിറയ്‍ക്കുകയാണ്.

രജനികാന്തിനായി കണ്ണപ്പയുടെ പ്രത്യേകമായ ഒരു ഷോ സംഘടിപ്പിക്കുകയായിരുന്നു. പ്രദര്‍ശനത്തിനുശേഷം വികാരഭരിതനായി, ചിത്രത്തെ "അസാധാരണം" എന്ന് വിശേഷിപ്പിക്കുകയും , വിഷ്‍ണുവിന്റെ പ്രകടനത്തെയും ചിത്രത്തിന്റെ ആത്മീയ ആഴത്തെയും, ദൃശ്യ സമ്പന്നതയെയും, വൈകാരിക കാതലിനെയും രജനീകാന്ത് പ്രശംസിച്ചു.

ആ നിമിഷത്തെക്കുറിച്ച് സംസാരിച്ച വിഷ്‍ണു, "രജനി സാറിന്റെ ഈ ആലിംഗനത്തിനായി ഞാൻ 22 വർഷമായി കാത്തിരിക്കുകയായിരുന്നു. ഇന്ന്, എനിക്ക് ഭയമില്ല. എനിക്ക് തടയാൻ കഴിയില്ല. കണ്ണപ്പ വരുന്നു" എന്ന് വ്യക്തമാക്കി.

റിലീസ് ചെയ്യാനുള്ള കൗണ്ട്ഡൗൺ തുടരുന്നതിനിടെ, രജനീകാന്തിന്റെ ഹൃദയംഗമമായ പ്രശംസ മുഴുവൻ കണ്ണപ്പ ടീമിനും വളരെയധികം ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ ശിവനോടുള്ള അചഞ്ചലമായ സ്നേഹവും അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്‍റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താര നിരയുള്ള പാൻ ഇന്ത്യൻ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ആശിർവാദ് സിനിമാസാണ്. ജൂൺ 27നാണ് ചിത്രത്തിന്റെ റിലീസ്. പിആർഒ പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക