Asianet News MalayalamAsianet News Malayalam

ദര്‍ബാറിന് ചെറിയൊര് ഇടവേള, സഹോദരനെ കാണാൻ രജനികാന്ത് ആശുപത്രിയില്‍

 രജനികാന്തിന്റെ സഹോദരൻ സത്യനാരായണൻ റാവു കാലിന് ശസ്‍ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലാണ്.

 

Rajinikanth takes a break from Darbar shooting to visit his ailing brother in Bengaluru
Author
Bangalore, First Published Aug 29, 2019, 6:53 PM IST

തമിഴകത്തിന്റെ സ്റ്റൈല്‍മന്നൻ രജനികാന്ത് നായകനായ ദര്‍ബാര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് രജനികാന്ത് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാൻ പോയതാണ് പുതിയ വാര്‍ത്ത. സഹോദരനൊപ്പമുള്ള ഫോട്ടോയും വൈറലായിട്ടുണ്ട്. രജനികാന്തിന്റെ സഹോദരൻ സത്യനാരായണൻ റാവു കാലിന് ശസ്‍ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലാണ്.

ബെംഗ്ലുരുവിലെ ആശുപത്രിയിലാണ് സത്യനാരായണൻ റാവു ചികിത്സയിലുള്ളത്. മുംബൈയില്‍ ദര്‍ബാറിന്റെ ചിത്രീകരണം നടക്കവേയാണ് രജനികാന്ത് ചെറിയൊരു ഇടവേളയെടുത്ത് സഹോദരനെ സന്ദര്‍ശിക്കാനെത്തിയത്. എ ആര്‍ മുരുഗദോസ് ആണ് ദര്‍ബാര്‍ സംവിധാനം ചെയ്യുന്നത്.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

പാണ്ഡ്യനില്‍ പാണ്ഡ്യൻ ഐപിഎസ് എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് അഭിനയിച്ചത്. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പാണ്ഡ്യൻ. കൊലപാതകസംഘത്തില്‍ പാണ്ഡ്യനും ചേരുന്നു. ചിത്രം പുരോഗമിക്കുമ്പോള്‍ കൊലപാതകസംഘം തിരിച്ചറിയുന്നു, പാണ്ഡ്യൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന്. കൊലപാതകം ചെയ്‍തവരെ പാണ്ഡ്യൻ ഒടുവില്‍ കുടുക്കുന്നതുമാണ് സിനിമ. എസ് പി മുത്തുരാമൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios