രക്ത സമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രജനീകാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും അദ്ദേഹത്തിന് ആശ്വാസമുണ്ടെന്നും രജനിയെ പ്രവേശിപ്പിച്ചിരിക്കുന്ന ഹൈദരാബാദിലെ അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനും ഒപ്പം ഒരാഴ്ചത്തെ പൂര്‍ണ്ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വൈകുന്നേരത്തോടെ ബന്ധുക്കളോടൊപ്പം രജിനിയെ വിടുമെന്നാണ് ഹൈദരാബാദ് അപ്പോളോ അധികൃതർ വ്യക്തമാക്കുന്നത്. മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കണം, കൊവിഡ് സമ്പർക്കത്തിന് കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കണം എന്ന് ഡോക്ടർമാർ കർശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ട്. 

രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടതിനെത്തുടര്‍ന്ന് ക്രിസ്‍മസ് ദിനത്തിലാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ഹൈപ്പര്‍ടെന്‍ഷനും ക്ഷീണവും ഉണ്ടായിരുന്നുവെന്ന് അപ്പോളോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹൈപ്പര്‍ടെന്‍ഷനുള്ള സാധ്യതയും പ്രായവും അദ്ദേഹം നേരത്തെ നടത്തിയിരുന്ന വൃക്കമാറ്റിവെക്കലും പരിഗണിച്ചാണ് മരുന്നുകളും ഭക്ഷണക്രമീകരണവും വിശ്രമവും നിര്‍ദേശിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. വിശ്രമത്തില്‍ കഴിയുന്ന ഒരാഴ്ചക്കാലം രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കേണ്ടതുമുണ്ട്. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശാരീരിക പ്രവര്‍ത്തികള്‍ പരമാവധി കുറയ്ക്കണമെന്നും കൊവിഡ്-19 പ്രതിരോധത്തില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

2016 മെയ് മാസത്തിലാണ് രജനീകാന്ത് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കൊവിഡ് കാലത്ത് രജനിയുടെ രാഷ്ട്രീയപ്രവേശനം പല തവണ വാര്‍ത്തകളില്‍ വന്നപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ ഡോക്ടര്‍മാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. രജനി നായകനാവുന്ന പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നെങ്കിലും രജനീകാന്ത് ക്വാറന്‍റൈനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.