സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തങ്ങളുടെ പുതിയ ചിത്രം 'കാപ്പാന്റെ' ഓഡിയോ ലോഞ്ച് ആഘോഷമാക്കാന്‍ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്. മോഹന്‍ലാലും സൂര്യയുമൊക്കെ പങ്കെടുക്കുന്ന ചടങ്ങില്‍ രജനീകാന്ത് ആണ് പ്രധാന അതിഥി. ഒപ്പം ഷങ്കറിനെയും വൈരമുത്തുവിനെയും ക്ഷണിച്ചിട്ടുണ്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ 21നാണ് പരിപാടി. 

സ്വന്തം സിനിമകളുടെ പ്രൊമോഷണല്‍ പരിപാടികളിലല്ലാതെ പൊതുവെ പങ്കെടുക്കാത്ത ആളാണ് രജനി. എന്നാല്‍ ലൈക പ്രൊഡക്ഷന്‍സിന്റെ പരിപാടി ഒഴിവാക്കുക അദ്ദേഹത്തിന് ബുദ്ധിമുട്ടുമാവും. രജനിയുടെ കഴിഞ്ഞ ചിത്രം '2.0'യുടെയും വരാനിരിക്കുന്ന ചിത്രം 'ദര്‍ബാറി'ന്റെയും നിര്‍മ്മാതാക്കള്‍ ലൈക ആണ്. ഏത് പൊതുപരിപാടികളിലും രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഏറെക്കാലമായി രജനിയെ കാത്തിരിക്കുന്നത്. 'കാപ്പാന്‍' ഓഡിയോ ലോഞ്ചിലും എല്ലാ കണ്ണുകളും രജനിയില്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'.