Asianet News MalayalamAsianet News Malayalam

രജനികാന്തിന്റെ ദര്‍ബാര്‍ പൂര്‍ത്തിയായി, ആരാധകര്‍ ആവേശത്തില്‍

രജനികാന്ത് ചിത്രം ദര്‍ബാറിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

Rajinikanth wraps Darbar shoot
Author
Mumbai, First Published Oct 4, 2019, 4:19 PM IST

രജനികാന്ത് നായകനായി അഭിനയിക്കുന്ന ദര്‍ബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം ഒരുക്കുന്നത് എന്ന പ്രത്യകതയുമുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്നാണ് പുതിയ വാര്‍ത്ത.  എ ആര്‍ മുരുഗോസും രജനികാന്തും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നതിന്റെ ആവേശത്തിലുമാണ് ആരാധകര്‍. വളരെ വേഗത്തിലായിരുന്നു എ ആര്‍ മുരുഗദോസ്, രജനിചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പെട്ടെന്ന് തന്നെ തീര്‍ക്കാനാകും അണിയറപ്രവര്‍ത്തകരുടെ തീരുമാനം.  രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങള്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണവും.

പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.  27 വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios