മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' എന്ന പുതിയ തമിഴ് ചിത്രത്തിൽ രജിഷ വിജയൻ ഒരു പ്രധാന വേഷം ചെയ്യുന്നു. കഥ അറിയാതെയാണ് സിനിമയിൽ എത്തിയതെന്നും, മേക്കപ്പില്ലാതെ അവിടുത്തെ ആളുകളുമായി ഇടപഴകി സ്വാഭാവിക അഭിനയത്തിനായി കഠിനാധ്വാനം ചെയ്തുവെന്നും രജിഷ പറഞ്ഞു.
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയൻ. ജൂൺ, ലൗ, മലയൻകുഞ്ഞ് തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായ രജിഷ തമിഴിലും സജീവമാണ്. മാരി സെൽവരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം കർണനിലൂടെ ആയിരുന്നു രജിഷയുടെ തമിഴ് അരങ്ങേറ്റം. വീണ്ടും മാരി സെൽവരാജ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുകയാണ് രജിഷ വിജയൻ. ധ്രുവ് വിക്രം നായകനായി എത്തിയ ബൈസണിൽ ധ്രുവിന്റെ സഹോദരിയായാണ് രജിഷ വേഷമിടുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുന്ന ബൈസണിൽ രജിഷയുടെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. ബൈസൺ എന്ന സിനിമയുടെ കഥ എന്താണെന്ന് ഐഡിയ ഇല്ലാതെയാണ് സിനിമയിലേക്കെത്തിയത് എന്നാണ് രജിഷ പറയുന്നത്. "എനിക്ക് ബൈസൺ സിനിമയുടെ കഥ എന്താണെന്നോ എന്റെ കഥാപാത്രം എന്താണെന്നോ ഒരു ഐഡിയയും ഇല്ലായിരുന്നു. ഷൂട്ടിന് രണ്ട് ദിവസം മുമ്പാണ് കഥ എന്താണെന്ന് ഞാൻ അറിയുന്നത്. ഒരു വർക്ക്ഷോപ്പ് അറ്റൻഡ് ചെയ്ത് അവിടെ തന്നെ താമസിച്ച് അവിടെയുള്ള ആളുകളോട് ഇടപഴകിയാണ് ഈ സിനിമ ചെയ്തത്. നമ്മളാരും മേക്കപ്പൊന്നും ഉപയോഗിച്ചിരുന്നില്ല. ഞാനാണെങ്കിലും ധ്രുവ് ആണെങ്കിലും അനുപമ ആണെങ്കിലും. ആ കഥാപാത്രത്തിനായി തങ്ങളെല്ലാവരും അവിടെ പോയി പല പണികളും ചെയ്തിട്ടുണ്ട്. മേക്കപ്പും പുട്ടിയും അടിച്ച് ക്യമാറയുടെ മുമ്പിൽ അഭിനയിക്കുന്നതിലല്ല, നമുക്ക് അവിടുത്തെ ബോഡി ലാങ്വേജ് വരണമെങ്കിൽ അത്രക്ക് എഫേർട്ട് എടുക്കണം." സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു രജിഷയുടെ പ്രതികരണം.
തിയേറ്ററുകളിൽ മുന്നേറി ബൈസൺ
ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അതേസമയം അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴിൽ അരശാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ബൈസൺ നിര്‍മിച്ചിരിക്കുന്നത്.


