'ഫൈനല്‍സി'നു ശേഷം മറ്റൊരു സ്പോര്‍ട്‍സ് ഡ്രാമയുമായി രജിഷ വിജയന്‍. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. രാഹുല്‍ റിജി നായരാണ് സംവിധാനം. 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് രാഹുല്‍ റിജി നായര്‍. രജിഷയുടെ ഗെറ്റപ്പ് ഉള്ള പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ്. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്കിലൂടെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. ഡിസൈന്‍ അധിന്‍ ഒല്ലൂര്‍. അരുണ്‍ പി ആറിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഫൈനല്‍സ് എന്ന ചിത്രത്തില്‍ രജിഷ ഒരു സൈക്ലിസ്റ്റിന്‍റെ വേഷത്തില്‍ എത്തിയിരുന്നു.